പാഠ്യപദ്ധതി പരിഷ്കരണം: ക്ലാസ് മുറി ചർച്ച വ്യാഴാഴ്ച; 48 ലക്ഷം കുട്ടികൾ പങ്കാളികളാകും

തിരുവനന്തപുരം: 48 ലക്ഷത്തോളം വിദ്യാർഥികൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ വ്യാഴാഴ്ച പങ്കാളികളാകും. പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ മുഴുവൻ സ്കൂളിലും വ്യാഴാഴ്ച ഒരു പീരിയഡ് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

എല്ലാ ക്ലാസ് മുറിയിലും കുട്ടികളുടെ ചർച്ച നടക്കും. ഇതിന് പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിർദേശങ്ങള്‍ പ്രധാന രേഖയാക്കി പ്രസിദ്ധീകരിക്കും. ആദ്യ ഇടവേളക്കു ശേഷം ഒന്നു മുതൽ ഒന്നര മണിക്കൂര്‍ വരെയാണ് ചര്‍ച്ച. ഇത് സ്കൂള്‍ തലത്തില്‍ ക്രോഡീകരിച്ച് ബി.ആര്‍.സിക്ക് കൈമാറും. ബി.ആര്‍.സികള്‍ എസ്.സി.ഇ.ആര്‍.ടിക്ക് കൈമാറും.

ക്ലാസ് മുറി ചര്‍ച്ചയുടെ ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി നിർവഹിച്ചിരുന്നു. വ്യാഴാഴ്ച കാസർകോട് കുണ്ടംകുഴി ഗവ. ഹൈസ്കൂളിലെ ചർച്ചയിൽ മന്ത്രി പങ്കെടുക്കും.

അക്കാദമികമായി കൂടുതല്‍ വിഷയങ്ങള്‍ പഠിക്കണം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം വേണം, സൈബര്‍ സെക്യൂരിറ്റി പോലുള്ള ആധുനിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം, ട്രാഫിക് ബോധവത്കരണം തുടങ്ങിയവക്ക് സിലബസില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങൾ കുട്ടികള്‍ മുന്നോട്ടു വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ഈ ചര്‍ച്ചയുടെ പ്രതിഫലനവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Curriculum Reform- Classroom Discussion on Thursday- 48 lakh children will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.