കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഗീതനിശക്കിടെ നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി. കുട്ടികൾ ആഘോഷപൂർവം സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ അപകടത്തിൽ അവരെ കുറ്റക്കാരായി കാണാനാവില്ല. അതിനാൽ, അവരെ വേദനിപ്പിക്കരുത്. സുരക്ഷാ പിഴവ് ഇതിന് കാരണമായിട്ടുണ്ടാകും.
ഉത്തരവാദിത്തത്തിൽനിന്ന് സർവകലാശാലക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹരജി വീണ്ടും 14ന് പരിഗണിക്കാൻ മാറ്റി. അതുവരെയുള്ള അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സിൻഡിക്കേറ്റ് ഉപസമിതിയും പൊലീസും സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്ന് പറഞ്ഞ കോടതി, സർക്കാറും സർവകലാശാലയും നടത്തുന്ന അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ അറിയാതെ ജുഡീഷ്യൽ അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും നിരീക്ഷിച്ചു.
ദിവസങ്ങൾ കഴിയുമ്പോൾ ജനങ്ങൾ സംഭവം മറക്കുമെങ്കിലും കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കുണ്ടായത് തീരാവേദനയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളാണ് ആവശ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തം സംബന്ധിച്ച പൊലീസ് അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.