തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതർ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കത്ത് നൽകിയത്. തുടർന്ന് ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമീഷണർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച വൈകീട്ടോടെ ദൃശ്യങ്ങൾ കൈമാറാനാണ് സാധ്യത.
സംസ്ഥാനം കേന്ദ്ര ഏജൻസികളെ അന്വേഷണത്തിൽ സഹായിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനടക്കമുള്ളവർ ആരോപിച്ചിരുന്നു. ‘കേന്ദ്ര ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്ത് നൽകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ചോദിച്ച സഹായം കേരള പൊലീസ് നൽകിയിട്ടില്ല. സുപ്രധാന സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകിയിട്ടില്ല. കേരള പൊലീസ് ഒരു സഹായവും കസ്റ്റംസിന് നൽകുന്നില്ല’ -എന്നായിരുന്നു സുരേന്ദ്രൻെറ ആരോപണം.
എന്നാൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതർ ഇതുവരെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. ആരോപണ വിധേയരായവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസില്‍നിന്ന് െപാലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് അധികൃതർ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കത്ത് കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.