മുക്കം: യുവാക്കളെ ഉപയോഗിച്ച് സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ വർധിക്കുന്നു. വലിയതുക കമീഷൻ മോഹിപ്പിച്ചാണ് തട്ടിപ്പുകൾ. ഇതിനായി ഇൻസ്റ്റഗ്രാം, ടെലഗ്രാം, സൂം, വാട്സ്ആപ് എന്നിവയെല്ലാം തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്യമാകെ വ്യാപിച്ച ഈ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
കാര്യമായ ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ കണ്ടുപിടിച്ച് വലിയതുക കമീഷൻ വാഗ്ദാനം ചെയ്ത് യുവാക്കൾ, സ്ത്രീകൾ എന്നിവരെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപക്ക് ആയിരം രൂപയാണ് കമീഷനായി നൽകുന്നത്. ഇത്തരത്തിൽ ഏഴ് ലക്ഷം രൂപവരെ ഒറ്റത്തവണ അക്കൗണ്ടിലേക്ക് നൽകുന്നതോടെ ഏഴായിരം രൂപവരെ കമീഷൻ ലഭിക്കും. ഇങ്ങനെ വലിയ തുക കമീഷൻ ലഭിക്കുന്നതോടെ യുവാക്കൾ നിരന്തരമായി ഈ പ്രവൃത്തിയിൽ ഏർപ്പെടും.
വിഷയത്തിന്റെ ഗൗരവമറിയാതെയാണ് പലരും ഈ തട്ടിപ്പിൽ കണ്ണിയായി മാറുന്നത്. ഇരയുടെ അക്കൗണ്ടിലെത്തിയ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാതെ ചെക്ക് ഉപയോഗിച്ചോ എ.ടി.എം കാർഡ് വഴിയോ പിൻവലിപ്പിച്ച് ഇവർ കറൻസിയായാണ് കൈപ്പറ്റുക. ഇതോടെ ആർക്കാണ് പണം നൽകിയത് എന്നതിനടക്കം തെളിവുകൾ ലഭിക്കാതാവുകയും ചെയ്യും.
കോഴിക്കോട് ജില്ലയിൽ അടുത്തകാലത്തായി ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പലരും മാതാവിന്റെയടക്കം അക്കൗണ്ട് വിവരങ്ങൾ നൽകി വഞ്ചിതരായിട്ടുണ്ട്.
അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയുടെ അക്കൗണ്ടിലൂടെ പണം കൈമാറുന്ന സംഘത്തിലുൾപ്പെട്ട നാലുപേരെ കഴിഞ്ഞ ദിവസം കൊല്ലം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറസ്റ്റുചെയ്തിരുന്നു.
കൊല്ലം തങ്കശ്ശേരി പുന്നത്തല ചേരി സ്വദേശിയുടെ പരാതിയിൽ നെല്ലിക്കാപറമ്പ്, തിരുവമ്പാടി തമ്പലമണ്ണ, പന്നിക്കോട് സ്വദേശികളാണ് പാടിയിലായത്.
മറ്റൊരു രീതിയിലുള്ള തട്ടിപ്പിൽ. അമേരിക്ക ആസ്ഥാനമായുള്ള കുറോട്ടോ ഫണ്ട് എൽ.പി എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഷെയർ ട്രേഡിങ് ഓൺലൈൻ ക്ലാസിന്റെ സൂം ലിങ്ക് അയച്ചുകൊടുത്ത് പഠന ക്ലാസിൽ പങ്കെടുപ്പിക്കുകയാണ് ആദ്യപടി. പിന്നീട് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കും. തുടർന്ന് പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിച്ച് വിവിധ ദിവസങ്ങളിലായി പണം വാങ്ങി 1,77,02,547 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് നൽകിയ പരാതി പ്രകാരമാണ് യുവാക്കൾ പിടിയിലായത്.
മുക്കം മലാംകുന്ന് സ്വദേശിയായ 19കാരനും സമാനമായ കേസിൽ ചേവായൂർ പൊലീസിന്റെ പിടിയിലായിരുന്നു. ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ്ചെയ്ത് വിവിധ ടാസ്ക് പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്നുപറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
29 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയുടെ പരാതിപ്രകാരമാണ് 19കാരൻ അറസ്റ്റിലായത്.
കോഴിക്കോട്: ഫേസ്ബുക്ക് വഴിയുള്ള വായ്പ തട്ടിപ്പിൽ യുവതിക്ക് അരലക്ഷം രൂപ നഷ്ടമായി. പൊക്കുന്ന് സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ഓൺലൈൻ വായ്പ നൽകാമെന്ന വാഗ്ദാനവുമായി ഫേസ്ബുക്കിൽ വന്ന ലിങ്ക് വഴിയാണ് തട്ടിപ്പ് സംഘം പരാതിക്കാരിയെ സമീപിച്ചത്. തുടർന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ലക്ഷം രൂപ വായ്പയായി അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു. സിബിൽസ്കോർ കുറവായതിനാൽ 15,000 രൂപ ആദ്യം ഗൂഗ്ൾപേ വഴി അയക്കണമെന്നും എന്നാൽ ഒന്നര ലക്ഷം രൂപ വായ്പ നൽകാമെന്നും പിന്നീട് 35,000 രൂപ അയച്ചാൽ രണ്ട് ലക്ഷം രൂപ നൽകാമെന്നും അറിയിച്ചു.
ഇതോടെ യുവതി അരലക്ഷം രൂപ അയക്കുകയായിരുന്നു. പണമയച്ചിട്ടും വായ്പയായി നൽകാമെന്ന് വാഗ്ദാനം ചെയ്ത രണ്ടുലക്ഷം രൂപ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടർന്ന് കസബ പൊലീസിൽ പരാതി നൽകി. മലയാളത്തിലാണ് തട്ടിപ്പ് സംഘം സംസാരിച്ചതെന്ന് പരാതിക്കാരി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.