തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു. അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. സിറിയക് ജോസഫിനോടുള്ള ബഹുമാനാർഥം ഫുൾ കോർട്ട് റഫറൻസ് ലോകായുക്ത കോടതി ഹാളിൽ നടന്നു. അതേസമയം, സിറിയക് ജോസഫിനെതിരെ രൂക്ഷവിമർശവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി.
കെ.ടി. ജലീലിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാൻ ഇടയായ ഉത്തരവ് സിറിയക് ജോസഫിന്റേതായിരുന്നു. അതിനുശേഷമാണ് ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസാക്കിയത്. സിറിയക് ജോസഫിന്റെ കാലത്ത് ലോകായുക്തയിൽ 2087 കേസാണ് ഫയൽ ചെയ്തത്. പെൻഡിങ് ഉണ്ടായിരുന്നത് അടക്കം 3021 കേസ് തീർപ്പാക്കി.
1344 കേസാണ് ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ഇവയിൽ 1313 ഉത്തരവ് സിറിയക് ജോസഫ് ആണ് തയാറാക്കിയത്. സിറിയക് ജോസഫിന് അശാന്തവും അസമാധാനപൂർണവുമായ വിശ്രമ ജീവിതം ആശംസിക്കുന്നുവെന്നാണ് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. പല്ലും നഖവും കൊഴിഞ്ഞ് അപമാനിതനായാണ് പടിയിറക്കമെന്നും ഇരുന്ന കസേരയുടെ മഹത്ത്വത്തിന് തീരാകളങ്കം ചാർത്തിയെന്നും ജലീൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.