തിരുവനന്തപുരം: ഡി.എ അടക്കം വിഷയങ്ങളിൽ ജീവനക്കാർ ഉയർത്തുന്ന പ്രതിഷേധവും റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിച്ചെങ്കിലും തുടർ നടപടികളിലെ അനിശ്ചിതത്വവും കെ.എസ്.ഇ.ബിക്ക് തലവേദനയാകുന്നു. ജീവനക്കാർക്ക് നാലു ഗഡു ഡി.എ കുടിശ്ശിക നൽകാനാകില്ലെന്ന് കഴിഞ്ഞ മാസമാണ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തത്. ഈ വിഷയത്തിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സമർപ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കുന്നുണ്ട്.
ഡി.എ നിഷേധത്തിനെതിരെ കോൺഫെഡറേഷൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. എന്നാൽ, ഡിസംബറിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഡി.എ കുടിശ്ശിക നൽകില്ലെന്ന് തീരുമാനമെടുത്തു. അധികമായി നൽകിയ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഊർജവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ നിർദേശവും വിവാദമായി. ഇതോടെയാണ് കോൺഫെഡറേഷൻ കോടതിയലക്ഷ്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഡി.എ കുടിശ്ശിക നൽകാൻ നിർവാഹമില്ലെന്ന നിലപാടാണ് കെ.എസ്.ഇ.ബി ആവർത്തിക്കുന്നത്.
ഇതിനിടെ, ഡി.എ ഉൾപ്പെടെ വിഷയങ്ങളിൽ സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനെ 17ന് വകുപ്പുമന്ത്രി ചർച്ചക്ക് വിളിച്ചിട്ടുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയും ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതുമൂലമുള്ള ബാധ്യതയും ചൂണ്ടിക്കാട്ടുന്ന മാനേജ്മെൻറ് ഡി.എ വിഷയത്തിൽ കൈമലർത്തുന്ന സാഹചര്യത്തിനിടെയാണ് മന്ത്രിയുടെ ചർച്ച. സംസ്ഥാനത്തിന് പുറത്തുനിന്ന് കുറഞ്ഞ വിലക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നാല് കരാറുകൾ റെഗുലേറ്ററി കമീഷൻ പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയത് ഡിസംബർ 29നാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിച്ചെങ്കിലും ഒരു കമ്പനി മാത്രമാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരാൻ സന്നദ്ധത അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.