???????????????

അതിജീവനത്തിന്‍െറ മുളപ്പാലം

ഈ വീട്ടുമുറ്റത്തു നിന്നും എന്‍െറ ആത്മാവിനുപോലും പോകാനാവില്ല. പിന്നെയാ ജീവനുള്ള ഞാന്‍. അല്ലേലും എങ്ങോട്ട് പോകാനാ... ഇവിടെകിടന്ന് ഞാന്‍ മരിക്കും. ഒത്തുകൂടുന്നവര്‍ ഈ അവശേഷിക്കുന്ന സ്ഥലത്ത് എന്നെ മറവുചെയ്യണം. പിന്നെ ഞാന്‍ നീന്തിത്തുടിച്ച നെയ്യാര്‍ പുഴയില്‍ എനിക്ക് അലിഞ്ഞുചേരണം അതുവരെ ഈ മണ്ണ് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല... അതിനുവേണ്ടി എന്നെ കൊന്നാലും വേണ്ടീല. ഒരഭ്യര്‍ഥനേയുള്ളൂ. എന്‍െറ പിതൃക്കള്‍ അന്തിയുറങ്ങുന്ന ഈ മണ്ണില്‍തന്നെ എനിക്കും ഉറങ്ങണം. ഏതു സാത്താന്‍െറ സന്തതി അതിന് തടസംനിന്നാലും ഞാന്‍ പൊരുതും. മരണം വരെ ഞാന്‍ പൊരുതും... മണലൂറ്റുകാര്‍ ദ്വീപാക്കി മാറ്റിയ ഇത്തിരി മണ്ണില്‍ ഇനിയുള്ള കാലം ജീവിക്കാനെത്തിയതാണ് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഡാര്‍ളിയമ്മൂമ്മ. വീട്ടിലേക്കുള്ള വഴിവരെ മണല്‍മാഫിയ തുരന്ന് വന്‍ ഗര്‍ത്തമാക്കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ ഉപയോഗിച്ച് അവര്‍ ആളെ നിര്‍ത്തി ആ ഇത്തിരിത്തുരുത്തിലേക്ക് ഒരു മുളപ്പാലം പണിതു. അതിജീവനത്തിന്‍െറ കരുത്തുള്ള ഒരു ചെറുമുളപ്പാലം.

കഴിഞ്ഞ ദിവസം പാലത്തിലൂടെ തന്‍െറ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലെത്തിയ ഡാര്‍ളിയെ തേടി പിന്നാലെ പൊലീസും എത്തി. പുഴയോരത്തെ അപകടകരമായ അവസ്ഥയിലുള്ള വീട്ടില്‍ താമസിച്ചാല്‍ പ്രശ്നമാണെന്നും വീടൊഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അനുനയിപ്പിച്ച പൊലീസ് അവരെ ഒരു അകന്ന ബന്ധുവിന്‍െറ വീട്ടിലാക്കി മടങ്ങി. പൊലീസ് മടങ്ങി അധികം കഴിഞ്ഞില്ല. വിറയാര്‍ന്ന കാലടികളോടെ കിലോമീറ്ററുകള്‍ നടന്ന് ഡാര്‍ളിയമ്മൂമ്മ വീണ്ടും തന്‍െറ വീട്ടിലെത്തി. നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു അവിടെ. എന്തിനാണ് ഇവര്‍ എന്നോടീ ക്രൂരത കാണിക്കുന്നത്. എനിക്ക് ആരുമില്ല. എഴുപത്തിയാറ് വയസു കഴിഞ്ഞു. ഇനി എത്രനാള്‍ ജീവിച്ചിരിക്കാനാണ്. എന്നെയെങ്കലും ഇവര്‍ക്ക് വെറുതെ വിട്ടൂടെ. എന്തൊരു ആര്‍ത്തിയാണിത്.

ഈ പുഴ ഈ ക്രൂരതക്കൊക്കെ ഒരിക്കല്‍ മറുപടി പറയും. അന്നൊരു പ്രളയാമയിരിക്കും. ഒരു മണലൂറ്റുകാരനും തടുക്കാനാകാത്ത പ്രളയം. എമ്പതിനോടടുത്ത ആ വയോവൃദ്ധയുടെ വിറയാര്‍ന്ന വാക്കുകള്‍ കേട്ടാവണം നെയ്യാര്‍ കണ്ണീരൊഴുക്കി പാഞ്ഞു. നേര്‍വഴിയില്ലാതെ മണലൂറ്റുകാര്‍ കാണിച്ച വഴിയിലൂടെ നെയ്യാര്‍ ഡാര്‍ളിയെ നോക്കാതെ വളഞ്ഞു പുളഞ്ഞൊഴുകി. അതിന്‍െറ ആഴപ്പരപ്പുകളെ നോക്കി വര്‍ നെടുവീര്‍പ്പിട്ട് പാതിമുറിഞ്ഞു പോയ വീട്ടിലേക്ക് നോക്കിനിന്നു.


തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ഓലത്താന്നിയിലെ നെയ്യാറിന്‍െറ തീരം ഇന്നറിയപ്പെടുന്നതുപോലും ഡാര്‍ളിക്കടവ് എന്നാണ്. ഡാര്‍ളിയുടെ പോരാട്ടത്തിന്‍െറ കനല്‍വഴികള്‍ക്ക് നെയ്യാറിന്‍െറ ഒഴുക്കിനോളം പഴക്കമുണ്ട്. നെയ്യാറിനെ ഊറ്റിയൂറ്റി ആര്‍ത്തി തീരാത്ത മണല്‍മാഫിയക്കു മുന്നില്‍ ഒറ്റക്കുപോരാടിയ ഈ വയോവൃദ്ധ തന്‍െറ കിടപ്പാടത്തില്‍ ആറടി മണ്ണെങ്കിലും അവശേഷിക്കണം എന്ന ആഗ്രഹത്തിലാണ് കഴിഞ്ഞ ദിവസം പാലംപണിത് തകര്‍ന്നു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയത്. നെയ്യാറിന്‍െറ ആഴക്കരുത്തുണ്ടായിരുന്ന ഒരു കാലം ഡാര്‍ളിക്കുണ്ടായിരുന്നു. ആ കരുത്തിനെ കൂട്ടുപിടിച്ച് ജീവിച്ചതു കൊണ്ടാണ് ഇന്നും അവര്‍ക്ക് ഈ പോരാട്ടവഴിയില്‍ ഒറ്റക്കാണെങ്കിലും പിടിച്ചു നില്‍ക്കാനാകുന്നത്.

അധികാരി വര്‍ഗവും മുതലാളി വര്‍ഗ്ഗവും എല്ലാം പക്ഷംചേര്‍ന്നിട്ടും ഒരു വയോവൃദ്ധ നിലിനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. പോരാട്ടത്തിന്‍െറ കനല്‍വഴികളില്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടത് കിടപ്പാടവും സ്വത്തും മാത്രമല്ലായിരുന്നു. മനസിന്‍െറ താളംതന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് അധികാരികൂട്ടവും മാഫിയകളും അവരെ കൊണ്ടെത്തിച്ചു. ഇതൊരു സ്ത്രീയുടെ കഥയാണ്. നാടും നഗരവും സര്‍ക്കാറും എല്ലാം ഒറ്റപ്പെടുത്തിയിട്ടും തോല്‍ക്കാതെ പിടിച്ചുനിന്ന ഒരു സ്ത്രീയുടെ കഥ. മണല്‍മാഫിയകള്‍ വഴിമാറ്റിയൊഴുക്കിവിട്ട നെയ്യാറിന്‍െറ ഓരങ്ങള്‍ കാക്കാന്‍ പതിറ്റാണ്ടുകളായി മഴനനഞ്ഞ് പാതിതിന്ന വീടിന്‍െറ ഓരത്ത് കഴിയുന്ന ഒരു വയോവൃദ്ധയുടെ കഥ.

നെയ്യാറ്റിന്‍കര ഓലത്താന്നിയില്‍ നെയ്യാറിന്‍െറ തീരത്താണ് പുലിമുറ്റത്ത് കിഴക്കേത്തോട്ടത്തില്‍ വീട്. വീട്ടിലെ മറ്റ് മക്കളേക്കാള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു ഡാര്‍ളി. പഴയകാലത്തെ എട്ടാം ക്ലാസ് വരെ ഡാര്‍ളി പഠിച്ചു. അക്കാലത്ത് പുഴയോരത്ത് ആകെ വീടുകളായിരുന്നു. എല്ലാവരും ഒരു കുടുംബംപോലെ കഴിഞ്ഞ നാളുകള്‍. ഞങ്ങള്‍ പെണ്‍കുട്ടികള്‍ നെയ്യാറിന്‍െറ ആര്‍ത്തലച്ച മാറില്‍ നീന്തിത്തുടിച്ചു. പരല്‍മീനുകളെ പിടിച്ച് തീരത്തെ മണല്‍പ്പരപ്പിലിട്ട് പൊരിച്ചുതിന്നു. ആറ്റിന്‍തീരത്ത് നിന്നും മണല്‍വാരി കളിച്ചു. അന്ന് ആറ്റിറമ്പെല്ലാം കടപ്പുറം പോലെ മണല്‍നിറഞ്ഞതായിരുന്നു. ആരും പുഴയെ നോവിച്ചില്ല. പുഴയും ആരെയും ദുരിതവെള്ളത്താല്‍ മുക്കിയില്ല. മഴനനഞ്ഞ് നിറഞ്ഞ പുഴയില്‍ കുട്ടികളെ അമ്മക്കരങ്ങള്‍ പോലെ നെയ്യാറിന്‍െറ ഓരങ്ങള്‍ കാത്തു. വറുതിയെ ദിനങ്ങളെ വെള്ളം കുടിച്ചും മീന്‍തിന്നും തോല്‍പിച്ച ദിനങ്ങള്‍.

എന്തിനും ഏതിനും നെയ്യാറായിരുന്നു കൂട്ട്. ഇന്നാകെ മാറി. ആര്‍ത്തിയുടെ മനുഷ്യരൂപങ്ങള്‍ നെയ്യാറിനെ കാര്‍ന്നു കാര്‍ന്നുതിന്നു. സ്വഛന്ദം ഒഴുകിയിരുന്ന പുഴ ഗതിമാറിയൊഴുകാന്‍ തുടങ്ങി. നെയ്യാറിന്‍െറ മാറ് കീറിയുള്ള മണല്‍ ഖനനത്തെ തുടര്‍ന്ന് ദിശമാറിയൊഴുകുന്ന പുഴ ഡാര്‍ളിയുടെ വീടിന് ചുറ്റു വശത്തും  ഒഴുകാന്‍ തുടങ്ങി. മണലൂറ്റുകാര്‍ ഡാര്‍ളിയുടെ മാതാപിതാക്കളുടെ കല്ലറയിലെ മണല്‍വരെ കവര്‍ന്നു. പഠനശേഷം തിരുവനന്തപുരം ഗവ. ആയൂര്‍വേദ മെഡിക്കല്‍ കോളജില്‍ കമ്പൗണ്ടറായി ഡാര്‍ളിക്ക് ജോലിയും കിട്ടി. സഹോദരങ്ങളെല്ലാം പലവഴിക്കായി. ഇപ്പോള്‍ സഹോദരങ്ങളില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ഡാര്‍ളിക്കറിയില്ല. ഒരേക്കറില്‍ എട്ടുമുറികളുള്ള വലിയൊരു വീടായിരുന്നു തറവാട്. ഭാഗം വെച്ചപ്പോള്‍ വിവാഹം കഴിച്ചിട്ടില്ലാത്ത ഡാര്‍ളിക്ക് 30 സെന്‍റ് സ്ഥലവും വലിയ വീടും ഓഹരിയായി കിട്ടി.

മാതാപിതാക്കളുടെ മരണശേഷം ഡാര്‍ളി വലിയ വീട്ടില്‍ ഒറ്റക്കായി. നെയ്യാറിലെ ഓളങ്ങള്‍ മാത്രം കൂട്ടുള്ള ദിനങ്ങള്‍. അങ്ങനെയിരിക്കെയാണ് നെയ്യാറില്‍ നിന്നും മണലെടുപ്പ് കൂടുതല്‍ രൂക്ഷമായത്. പുറത്തുനിന്നെത്തിയവര്‍ മോഹിപ്പിക്കുന്ന വിലക്ക് തീരത്തെ പകുതിയിലധികം വീടുകളും വിലക്കെടുത്തു. ഡാര്‍ളിയുടെ സഹോദരങ്ങള്‍ വരെ സ്ഥലം മണലൂറ്റുകാര്‍ക്ക് വിറ്റു. പ്രദേശത്തെ 15ലധികം വീടുകള്‍ ഇത്തരത്തില്‍ മണല്‍മാഫിയ സ്വന്തമാക്കി. ഡാര്‍ളിയുടെ വീട് മാത്രം അവശേഷിച്ചു. പുഴ തുരന്ന് തുരന്ന് നാല് വശത്തുനിന്നും മണലൂറ്റുകാര്‍ ഡാര്‍ളിയെ ഒറ്റപ്പെടുത്തി. പരന്നുകിടന്ന അവരുടെ വീടും പറമ്പും ഒരു ദ്വീപ് പോലെയായി. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. സ്ഥലവും വീടും വിറ്റില്ലെങ്കില്‍ കൊന്നുകളയുമെന്നും ആരും ചോദിക്കാന്‍ വരില്ലെന്നും മണലൂറ്റുകാര്‍. കൊല്ലാന്‍വരുന്നവരെ നെയ്യാറില്‍മുക്കി കൊല്ലുമെന്ന് ഡാര്‍ളി തിരിച്ചും ഭീഷണിപ്പെടുത്തി. ഒടുക്കം എല്ലാവരും അവര്‍ക്കെതിരായി. ഒറ്റത്തടിയായ ഡാര്‍ളി ഇങ്ങനെ ആരുമില്ലാത്ത പ്രദേശത്ത് താമസിക്കേണ്ടതില്ലെന്ന് അവരങ്ങ് തീരുമാനിച്ചു.

മണല്‍മാഫിയ ആ ആവശ്യത്തിന് എരിവ് പകര്‍ന്നു. അധികാരികളും ഒപ്പം കൂടിയതോടെ ഡാര്‍ളിയെ പൂജപ്പുരയിലുള്ള വൃദ്ധസദനത്തിലാക്കാന്‍ തീരുമാനമായി. അങ്ങനെ സ്വന്തം വീട്ടില്‍നിന്ന് ആരൊക്കെയോ അവരെ പൂജപ്പുരയിലെത്തിച്ചു. മണലൂറ്റിന്‍െറ കഴുകന്‍ കണ്ണുകള്‍ തക്കംപാര്‍ത്തിരുന്ന് അവരുടെ അവശേഷിച്ച ഭൂമി ഇടിച്ചുനിരത്തി. ഡാര്‍ളിയുടെ വീട് പോലും അവര്‍ വെറുതെ വിട്ടില്ല. മുപ്പത് സെന്‍റ് ഭൂമിയുണ്ടായിരുന്നിടത്ത് നിലവില്‍ അഞ്ച് സെന്‍റ് എങ്കിലും കാണുമോ എന്ന് സംശയമാണ്. സദനത്തില്‍നിന്ന് തിരിച്ചെത്തിയ ഡാര്‍ളി വീണ്ടും ഇടിഞ്ഞുതകര്‍ന്ന വീട്ടില്‍ ഒറ്റക്ക് താമസമായി. ചിലരുടെ സഹായത്തോടെ അവര്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്‍റണിക്ക് പരാതി നല്‍കി. വൈകാതെ മുഖ്യമന്ത്രി ഇടപെട്ട് ഡാര്‍ളിയുടെ സുരക്ഷക്കായി രണ്ട് പൊലീസുകാരെ നിയമിച്ചു. അതിനുശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായതെന്ന് വീടിന് ദൂരെ മാറിയുള്ള അയല്‍വാസികള്‍ ഉള്‍പടെ സാക്ഷ്യം പറയുന്നു. ഡാര്‍ളിയുടെ സുരക്ഷക്കെന്നും പറഞ്ഞ് അവരുടെ വീട്ടില്‍ താവളമുറപ്പിച്ച പൊലീസുകാര്‍ മണല്‍മാഫിയയുടെ കൈയില്‍നിന്ന് അച്ചാരംപറ്റി അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.


പുഴുയോരത്തുള്ള വാറ്റുകേന്ദ്രങ്ങളില്‍ നിന്നും ഡാര്‍ളിയുടെ വീട്ടിലേക്ക് ചാരായം കൊണ്ടുവന്ന് അവിടം ചാരായശാപ്പുപോലെയാക്കി. പൊലീസും കൂട്ടരും അവിടെ കുടിച്ചുമദിച്ചു ജീവിച്ചു. അങ്ങനെ ജീവിതം ആകെ പൊറുതിമുട്ടിയ അവസ്ഥയില്‍ ഡാര്‍ളി വീണ്ടും ബന്ധുവീട്ടിലേക്ക് മാറി. മണലൂറ്റുകാര്‍ അവസരം പാഴാക്കിയില്ല. ബാക്കിയുള്ളതുംകൂടി അവര്‍ തുരന്നു. ഒടുക്കം ഡാര്‍ളിയുടെ അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ സഹായികള്‍ ചുറ്റുംകൂടി. പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സുരേഷ്ഗോപി എം.പി പുതിയ വീട് വയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്നേറ്റു. യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ കൂട്ടമായി സ്ഥലം സന്ദര്‍ശിച്ച് ഡാര്‍ളിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. എല്ലാം പാഴ്വാക്കായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. ആരുടെയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ആളും ആരവവും ഒതുങ്ങിയപ്പോള്‍ ഡാര്‍ളിയമ്മൂമ്മ വീണ്ടും ഒറ്റപ്പെട്ടു.

ആയൂവേദ കോളജില്‍ പോയപ്പോള്‍ ഉപയോഗിച്ചിരുന്ന യൂനിഫോം അവര്‍ ഇപ്പോഴും അണിയും. ആരൊക്കെയേ കൂടെയുണ്ടെന്ന് യൂനിഫോം ഇടുമ്പോള്‍ തോന്നുമെന്ന് അവര്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദൂരെ അമ്പൂരി എന്ന പ്രദേശത്ത് പത്ത് സെന്‍റ് സ്ഥലം നല്‍കി വീട് വെച്ച് നല്‍കാം എന്നേറ്റെങ്കിലും അവിടേക്ക് താമസം മാറാന്‍ ഡാര്‍ളി തയ്യാറല്ല. തന്‍െറ പിതൃക്കള്‍ അന്തിയുറങ്ങുന്ന മണ്ണില്‍തന്നെ തനിക്കകും അന്തിയുറങ്ങണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, തന്നെ വീടുവെച്ച് മാറ്റുന്നതിലൂടെ മണല്‍മാഫിയക്ക് കൂടുതല്‍ സഹായം ആകുമെന്നും അവര്‍ പറയുന്നു. അടിയുറച്ച കോണ്‍ഗ്രസ്കാരിയായ ഡാര്‍ളി ആയകാലത്ത് തമ്പാനൂര്‍ രവി ഉള്‍പടെയുള്ളവരുടെ രെഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്നുവെന്ന് നാട്ടിലെ പഴമക്കാര്‍ പറയുന്നു. താന്‍ ഇവിടെ മരിച്ചുവീഴുംമുമ്പ് ഉമ്മന്‍ചാണ്ടിയെ ഒന്നു കാണണമെന്നുണ്ടെന്ന് ഡാര്‍ളി പറഞ്ഞു. നെയ്യാറിലെ ഓളപ്പരപ്പിലേക്ക് കണ്ണുംനട്ട് പ്രതീക്ഷയുടെ നറുവെളിച്ചവുമായി തീര്‍ന്നുപോകുന്ന വീടിന്‍െറ പൊളിഞ്ഞ കല്‍ത്തിണ്ണയില്‍ ഡാര്‍ളിയമ്മൂമ്മ ഇപ്പോഴും ഇരിപ്പുണ്ട്.

Tags:    
News Summary - darli ammoomma anti sand mafia in neyyar river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.