ഫാരിസ, മോഫിയ പർവീൺ

'നിയമത്തിൽ അത്ര വിശ്വാസമായിരുന്നു മകൾക്ക്, അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്'; പൊട്ടിക്കരഞ്ഞ് മോഫിയയുടെ മാതാവ്

ആലുവ: നിയമവിദ്യാർഥിയായ മകൾ നീതി കിട്ടുമെന്ന് കരുതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്‍റെ മാതാവ് ഫാരിസ. നിയമത്തിൽ അവൾക്ക് അത്രയും വിശ്വാസമായിരുന്നു. മകൾ ഇത്രയും തകരുമെന്ന് കരുതിയില്ല -കരച്ചിലോടെ ഫാരിസ പറഞ്ഞു.

2500 രൂപ വിലയിട്ടാണ് സുഹൈൽ മോഫിയക്ക് കത്തയച്ചത്. മുത്തലാഖ് കിട്ടുന്നത് വരെ അവൾ പിടിച്ചുനിന്നു. പറഞ്ഞാൽ തീരാത്ത പീഡനമാണ് അവൾ അനുഭവിച്ചത് -ഫാരിസ പറഞ്ഞു.

ആലുവ പൊലീസ് സ്റ്റേഷന് മുന്‍പിലെ കോണ്‍ഗ്രസ് സമര പന്തലിൽ മോഫിയയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ആലുവ സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ, ബെന്നി ബെഹ്നാന്‍ എം.പി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമരം.

സമര പന്തലിലെത്തിയ മോഫിയയുടെ മാതാവ് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു- 'എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ലാ, ഞാന്‍ വന്നില്ല അന്ന് കൂടെ'- എന്നു മാതാവ് പറഞ്ഞു. 'സമാധാനിക്ക് ദൈവത്തോട് പ്രാര്‍ഥിക്കാ'മെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ മോഫിയയുടെ മാതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി. മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. മോഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സി.ഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മോഫിയ ആത്മഹത്യ ചെയ്ത അന്ന് ചര്‍ച്ചയ്ക്കായി ആലുവ സി.ഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വളരെ മോശമായാണ് സി.ഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മോഫിയ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്- "ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം..

എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്‍റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും. അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു"- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. സ്ത്രീധന തുക ചോദിച്ച് മോഫിയയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നതായി പിതാവ് പറഞ്ഞു. 40 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.

Tags:    
News Summary - Daughter had so much faith in the law, that's why she went to the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.