കണ്ണൂർ: പൊലീസ് സബ് ഇൻസ്പെക്ടറായി തലയുയർത്തി നിൽക്കുമ്പോൾ സൗമ്യയുടെ മനസ്സുനിറയെ പിതാവ് ഉണ്ണിച്ചെക്കനെക്കുറിച്ചുള്ള ഓർമകളായിരുന്നു. മകളെ ഈ യൂനിഫോമിൽ കാണണമെന്നേറെ ആഗ്രഹിച്ചയാൾക്ക് അതു നേരിൽ കാണാനായില്ലെങ്കിലും നാടിനാകെ അഭിമാനമായ മകൾ പൊലീസ് വേഷത്തിൽ ഉള്ളുനിറഞ്ഞുനൽകിയ സല്യൂട്ടിന് മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം പ്രത്യഭിവാദ്യം നൽകിയിട്ടുണ്ടാവുമെന്നുറപ്പ്.
പ്രതിസന്ധികളേറെ കടന്നാണ് തൃശൂർ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയിലെ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പൊലീസിൽ ചൊവ്വാഴ്ച ചാർജെടുത്തത്. മകൾ ആർക്കുമുന്നിലും തലകുനിക്കാത്ത പൊലീസ് ഓഫിസറാകണമെന്നാഗ്രഹിച്ച ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ 60ാം വയസ്സിൽ കാട്ടാനയുടെ കുത്തേറ്റാണ് കഴിഞ്ഞവർഷം മരിച്ചത്. രാമവർമപുരം പൊലീസ് പരിശീലന ക്യാമ്പിലുള്ളപ്പോഴാണ് അച്ഛന്റെ വിയോഗമറിയുന്നത്.
എന്നാൽ, പിതാവിന്റെ ആഗ്രഹം സാധ്യമാക്കണമെന്ന ലക്ഷ്യത്തിലൂടെയാണ് സങ്കടങ്ങളെ പടിക്കുപുറത്താക്കിയത്. പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനത്തിനായി കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെത്തിയത്. ഏതു സ്റ്റേഷനിലാണ് ചാർജെന്ന് ബുധനാഴ്ചയേ അറിയാനാവൂ.
ജീവിതസാഹചര്യങ്ങളോട് സന്ധിചെയ്യാതെയാണ് ഉണ്ണിച്ചെക്കൻ സൗമ്യയെ പഠിപ്പിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ശേഷം ബീറ്റ് ഫോറസ്റ്റ് ഓഫിസറായും യു.പി സ്കൂൾ അധ്യാപികയായും ജോലിനോക്കി. പിന്നീടാണ് പി.എസ്.സി വഴി പൊലീസ് സബ് ഇൻസ്പെക്ടറാവുന്നത്.
പട്ടികവർഗ വികസന വകുപ്പിനുകീഴിലെ പരീക്ഷ പരിശീലനവും കഠിനാധ്വാനവുമാണ് ഈ വേഷമണിയാൻ പ്രാപ്തയാക്കിയത്. മാതാവ് മണിയും ഭർത്താവ് സുബിനും പിന്തുണയുമായി കൂടെയുണ്ട്. എലിക്കോട് ആദിവാസി ഊരിലെ ആദ്യ സബ് ഇൻസ്പെക്ടർക്ക് മൊബൈലിലും നേരിട്ടും ആശംസസന്ദേശങ്ങൾ നിറയുകയാണ്. സ്റ്റേഷൻ ഏതായാലും നീതി അർഹിക്കുന്നവർക്കും സാധാരണക്കാർക്കുമായി നിലകൊള്ളാൻ സൗമ്യയെന്ന ഉദ്യോഗസ്ഥയുണ്ടാവുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.