കോഴിക്കോട്: മാതാവ് ക്ലാസ് ഫോർ ജീവനക്കാരിയായി ജോലിചെയ്ത ഓഫിസിെൻറ മേധാവിയായി വിരമിച്ച് മകൾ. കോഴിക്കോട് ജില്ല കോടതി ശിരസ്തദാർ എം. ശോഭനയാണ് ഞായറാഴ്ച വിരമിച്ചത്. കോഴിക്കോട് കോടതിയിൽ ആദ്യത്തെ വനിത പ്യൂണായ അമ്മ കെ.അമ്മു ജോലിക്കെത്തിയപ്പോൾ വാർത്തയായിരുന്നു. ജാതീയവും സാമൂഹികവുമായി അകറ്റിനിർത്തി, അടിച്ചമർത്തിയ വിഭാഗത്തിൽനിന്ന് നിശ്ചയദാർഢ്യവും വിദ്യാഭ്യാസത്തിെൻറ കരുത്തും ബലമാക്കിയുള്ളതായിരുന്നു അമ്മയുടെ പോരാട്ടവിജയം. അന്ന് അമ്മക്കൊപ്പം കോടതി വരാന്തയിൽ ഒപ്പം നടന്ന കൊച്ചുകുട്ടിയാണ് ജില്ലയിലെ കോടതികളുടെ ഓഫിസ് മേധാവിയായി വിരമിച്ചത്. 37 വർഷത്തെ സേവനത്തിനുശേഷം മേയ് 31ന് മകൾ പടിയിറങ്ങിയത് ക്ലാസ് ഫോർ ജീവനക്കാരിയായി അമ്മ ജോലി ചെയ്ത കോടതിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിൽനിന്ന്.
പിതാവ് എം. കോരു കോഴിക്കോട് റെയിൽവേ ആശുപത്രിയിൽ ക്ലാസ് ഫോർ ജീവനക്കാരനായിരുന്നു. 1973ൽ അമ്മുവിെൻറ പെട്ടെന്നുള്ള മരണം കുടുംബത്തെ ബന്ധുക്കളുടെ തണലിൽ മലപ്പുറം തവനൂർ ചിത്രം പുള്ളിയിലേക്ക് പറിച്ചുനട്ടു. അധികം വൈകാതെ അച്ഛനും മരിച്ചതോടെ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് പഠിച്ച് ജോലി നേടുകയായിരുന്നു ശോഭന. തവനൂരിൽ കേരള ഗാന്ധി കേളപ്പജി സ്ഥാപിച്ച സ്കൂളിലായിരുന്നു പഠനം. 1983ൽ പൊന്നാനി കോടതിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. പൊന്നാനിയിലും തിരൂരും മഞ്ചേരിയിലുമെല്ലാം വിവിധ ചുമതലകൾ വഹിച്ചു.
അമ്മ ജോലി ചെയ്ത കോഴിക്കോട് കോടതിയിൽ ജോലി ചെയ്ത് നഗരത്തിൽ താമസിക്കണമെന്ന ആഗ്രഹം പ്രിൻസിപ്പൽ ശിരസ്തദാറായി മഞ്ചേരിയിൽ സേവനമനുഷ്ഠിെക്ക കോഴിക്കോട് ജില്ല കോടതിയിലേക്ക് മാറ്റം കിട്ടിയപ്പോൾ സഫലമായി. ഭർത്താവ് സി. കൃഷ്ണൻ ചിത്രംപുള്ളി മലപ്പുറം കാലടി ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ചു. മക്കളായ വിജിത ഗവ. വെറ്ററിനറി സർജനും വിനിഷ ബി.ടെക് ബിരുദധാരിണിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.