തൃശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തിയ നഴ്സുമാരുമായി ആദ്യം കരാറിലേർപ്പെട്ട ‘ദയ’ ആശുപത്രിയെ സ്വകാര്യ ആശുപത്രി അസോസിയേഷനിൽനിന്ന് പുറത്താക്കി. വിശദീകരണംപോലും ചോദിക്കാതെ അസോസിയേഷനിൽനിന്ന് പുറത്താക്കിയതായി അറിയിച്ചത് ഇ-മെയിലിലൂടെയാണ്. ദയ ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിൽ മറ്റ് ആശുപത്രികളെ വിലക്കിയെന്നും ദയ ആശുപത്രി ഡയറക്ടർ വി.കെ. അബ്ദുൽ അസീസ് പറഞ്ഞു.
ശമ്പള വർധനക്ക് സമ്മതിച്ച് നഴ്സുമാരുമായി ആദ്യം കരാറിൽ ഒപ്പുവെച്ചത് ദയ ആശുപത്രിയായിരുന്നു. തൃശൂരിൽ മന്ത്രി വി.എസ്. സുനിൽകുമാറിെൻറ സാന്നിധ്യത്തിലും പിന്നീട് തിരുവനന്തപുരത്ത് മന്ത്രിതല ചർച്ച നടക്കുന്നതിന് മുമ്പും ദയ ആശുപത്രി 50 ശതമാനം ശമ്പള വർധനയും ഇടക്കാലാശ്വാസവും നൽകാമെന്ന് കരാർ ഒപ്പുവെച്ചിരുന്നു.
തിരുവനന്തപുരത്തെ ചർച്ചക്ക് മുന്നോടിയായി തൃശൂരിൽ നടന്ന ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ യോഗത്തിൽ ദയ ആശുപത്രിയുടെ നടപടി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ, പി.ജി അഡ്മിഷൻ സമയവും പനിക്കാലവുമായിരിേക്ക, സമരത്തിലേക്ക് നഴ്സുമാരെ വലിച്ചിഴക്കുന്നതിൽ വിയോജിപ്പ് വ്യക്തമാക്കി ഡോ. അബ്ദുൽ അസീസ് സമരക്കാർക്ക് അനുകൂല നിലപാട് പ്രഖ്യാപിച്ചിരുന്നു. മാനേജ്മെൻറ് അസോസിയേഷനിലെ ഒരു വിഭാഗവും ഒത്തുതീർപ്പിന് തയാറാകണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്നാണ് തിരുവനന്തപുരത്തെ ചർച്ചയിൽ മറ്റ് ആശുപത്രികളും ശമ്പള വർധനക്കും ഇടക്കാലാശ്വാസ കരാറിനും നിർബന്ധിതരായത്.
മന്ത്രിതല ചർച്ചക്ക് പിറ്റേന്ന് തൃശൂരിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പുവെച്ചു. അമല, ചാലക്കുടി സെൻറ് ജെയിംസ്, എലൈറ്റ്, വെസ്റ്റ് ഫോർട്ട്, ഹൈടെക് തുടങ്ങി ഒമ്പതോളം ആശുപത്രികളും കരാറിലേർപ്പെട്ടതോടെ നഗരത്തിലെ ആശുപത്രികളിലെ സമരം അവസാനിച്ചു.
50 ശതമാനം വർധനയെന്ന ആവശ്യം അംഗീകരിച്ച നടപടിയിലാണ് മാനേജ്മെൻറ് അസോസിയേഷന് എതിർപ്പെന്നാണ് സൂചന. ഇത് 37 ശതമാനത്തിൽ ഒതുക്കി സമരത്തെ മെരുക്കാമായിരുന്നുവെന്ന നിർദേശമായിരുന്നുവേത്ര ഉയർന്നിരുന്നത്. എന്നാൽ, ദയ ആശുപത്രി ആദ്യംതന്നെ 50 ശതമാനമെന്ന കരാറിന് അനുകൂല നിലപാടെടുത്തതോടെ അസോസിയേഷെൻറ ഈ വാദത്തെ ഇല്ലാതാക്കി. ഇതിൽ പ്രകോപിതരായാണ് മാനേജ്മെൻറ് അസോസിയേഷെൻറ നടപടിയെന്നാണ് ഡോ. അബ്ദുൽ അസീസിെൻറ ആരോപണം.
അതേസമയം, വിശദീകരണംപോലും തേടാതെയുള്ള നടപടിയിൽ അസോസിയേഷനിൽ എതിർപ്പുയർന്നിട്ടുണ്ട്. ശമ്പളം വർധിപ്പിച്ചതിലല്ല, സംഘടനയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിനാലാണ് നടപടിയെന്ന് കേരള സ്വകാര്യ ആശുപത്രി അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി കെ. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.