തിരുവനന്തപുരം: തളർന്നിരിക്കാൻ ഒരുക്കമല്ല, കാസർകോട്ടെ കണ്ണീരുണങ്ങാത്ത മണ്ണിലെ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ഉള്ളാന്തലുകളാണ് 82 വയസ്സിന്‍റെ സ്വാഭാവിക അവശതകളിലും അഞ്ചാംദിവസത്തിലേക്ക് കടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ദയാബായിക്ക് കരുത്തും ത്രാണിയുമേകുന്നത്.
അതുകൊണ്ടുതന്നെ അവശതയേശാത്ത ആവേശവും ആർജവം തുടിക്കുന്ന മുഖവും അനുഭവച്ചൂടിൽ വെന്തുതിളക്കുന്ന വാക്കുകളുമായി ഇവർ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സജീവമാണ്.
കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേരുകൂടി ഉൾപ്പെടുത്തുക, ജില്ലയിൽ വിദഗ്ധ ചികിത്സ സൗകര്യം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നിവയാണ് ആവശ്യം.
ഇത് അംഗീകരിച്ചിട്ടേ മടങ്ങൂവെന്ന വാശിയിൽ തന്നെയാണ് ഈ വയോധിക, ഇനി ഇവിടെക്കിടന്ന് മരിക്കേണ്ടിവന്നാലും ശരി. ഭരണകൂടത്തിന് ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രിമാർ വിദേശയാത്ര നടത്തുകയല്ല, കാസർകോട്ടെ ദുരിതഭൂമി സന്ദർശിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു.
സമരത്തിന്‍റെ മൂന്നാംദിവസമായ ചൊവ്വാഴ്ച പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ദയാബായി പ്രതികരിച്ചത്. തനിക്ക് ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവർ കേട്ടില്ലെന്നും പൊലീസിനെ കൊണ്ടുവന്ന് നിർബന്ധിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്നും ദയാബായി 'മാധ്യമ'ത്തോട് പറഞ്ഞു.
'ഡോക്ടർമാരെയോ നഴ്സുമാരെയോ ആരെ വിട്ടും പരിശോധിക്കട്ടെ. എന്‍റെ ശരീരം എന്‍റേതാണ് തൊടരുരത്' എന്നെല്ലാം പറഞ്ഞുനോക്കി. അതൊന്നും അവർ കേട്ടില്ല. ഹീനമായ പ്രവർത്തിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ദയാബായി കൂട്ടിച്ചേർത്തു. ജനറൽ ആശുപത്രിയിൽനിന്ന് ഓട്ടോറിക്ഷ പിടിച്ച് സമരപ്പന്തലിലേക്ക് അവർ മടങ്ങിയെത്തുകയും ചെയ്തു.
'മുഖ്യമന്ത്രിയുടെ വസതിയിൽ 45 ലക്ഷം രൂപ ചെലവിൽ തൊഴുത്ത് നിർമിക്കുന്നുവെന്ന് കഴിഞ്ഞദിവസമാണ് കേട്ടത്. കാസർകോട് കുറേ മനുഷ്യർ ഇങ്ങനെ കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. 'ഞാൻ' തീരുമാനിക്കുന്നത് നടത്തിയിരിക്കുമെന്നാണ് സമീപനം.
ഇവിടെ ഞാനാധിപത്യമല്ല, ജനാധിപത്യമാണെന്ന് ഭരിക്കുന്നവർ മനസ്സിലാണമെന്നും ദയാബായി പറഞ്ഞു. ദിവസം പിന്നിടുന്തോറും സമരത്തിന് പിന്തുണയേറുകയാണ്. അതുകൊണ്ടുതന്നെ അവധിയാലസ്യമേശാതെ സമരപ്പന്തലും സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.