തിരുവനന്തപുരം: പുതിയ ഡി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം ഫെബ്രുവരി പത്തോടെ. ജില്ലകളിൽനിന്നുള്ള കരട് പട്ടിക ജില്ലകളിലെ സംഘടനാചുമതലയുള്ള കെ.പി.സി.സി ജന. സെക്രട്ടറിമാർ അഞ്ചിനകം കൈമാറണമെന്നാണ് കെ.പി.സി.സിയുടെ കർശന നിർദേശം. ഒപ്പം, പത്തോളം പുതിയ കെ.പി.സി.സി ഭാരവാഹികളെയും 40 കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിക്കാനും ആലോചിക്കുന്നുണ്ട്.
ജില്ലകളിൽനിന്ന് ലഭിക്കുന്ന കരട് പട്ടിക മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് അന്തിമമാക്കുന്നത് കെ.പി.സി.സി നേതൃത്വമായിരിക്കും. പല ജില്ലകളിലും ഭാരവാഹിത്വത്തിന് കൂട്ടയിടിയാണ്. നിശ്ചയിച്ച ഭാരവാഹികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം പേരാണ് ഉയരുന്നത്. ജന. സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ്, ജില്ലയിൽനിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, ഏറ്റവും ഒടുവിൽ സ്ഥാനം ഒഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ എന്നിവരുമായി ആലോചിച്ചായിരിക്കും കരട് പട്ടിക കൈമാറുക.
വയനാട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രസിഡന്റ് ഉൾപ്പെടെ 16 ഭാരവാഹികളും 16 എക്സിക്യൂട്ടിവ് അംഗങ്ങളും ആയിരിക്കും. മറ്റിടങ്ങളിൽ 25 ഭാരവാഹികളും 26 എക്സിക്യൂട്ടിവ് അംഗങ്ങളും. ഡി.സി.സി ഭാരവാഹികൾക്കൊപ്പം പത്തോളം കെ.പി.സി.സി ഭാരവാഹികളെയും പുതിയ കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിക്കാനാണ് ആലോചന. 40 പേരെ സെക്രട്ടറിമാരാക്കാൻ നേരേത്ത ധാരണയുണ്ട്.
ഡി.സി.സി പുനഃസംഘടനക്ക്ശേഷം കെ.പി.സി.സി സെക്രട്ടറിമാരെ തീരുമാനിക്കാനാണ് ധാരണയുണ്ടായിരുന്നതെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് വരണാധികാരിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കഴിഞ്ഞദിവസം എത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി ഭാരവാഹി നിയമനത്തിൽ ചർച്ച നടത്തി.
പത്തോളം ഭാരവാഹികളെ നിയമിക്കാൻ പൊതുവെ ധാരണയുണ്ടെങ്കിലും പേരുകളിൽ ആശയക്കുഴപ്പം തുടരുകയാണ്. സെക്രട്ടറിമാരുടെ കാര്യത്തിൽ ചില ധാരണ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പിന് വരണാധികാരിയായ മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര ചുമതലയേറ്റാൽ ഭാരവാഹി നിയമനം സാധ്യമല്ല. മറിച്ചായാൽ ആർക്കെങ്കിലും നിയമവഴി തേടാനാകും. കർണാടകയിൽ നിയമസഭസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ പത്തിനുശേഷമേ പരമേശ്വര കേരളത്തിലെത്തൂ. അതിന് മുമ്പ് കഴിയുന്നിടത്തോളം പുനഃസംഘടന പൂർത്തീകരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.