തൃശൂർ: വ്യായാമം എന്ന നിലയിൽ പ്രഭാത നടത്തം നല്ലതാണെങ്കിലും ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. പ്രഭാത നടത്തത്തിനിടയിൽ വാഹനാപകടങ്ങളും മരണ നിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദേശം.
പ്രഭാത നടത്തക്കാരുടെ എണ്ണം സമീപകാലത്ത് കൂടിയിട്ടുണ്ടെന്നും ഇന്ത്യയിൽ 2022ൽ മാത്രം 32,825 കാൽനടയാത്രക്കാർ കൊല്ലപ്പെട്ടെന്നും വകുപ്പ് ഔദ്യോഗിക പേജിൽ പങ്കുവെച്ച മുന്നറിയിപ്പ് നിർദേശത്തിൽ പറയുന്നു. ഇരുചക്ര വാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണക്കണക്കിൽ രണ്ടാം സ്ഥാനത്ത് കാൽനടക്കാരാണ്. തിരുവനന്തപുരത്ത് ഈയിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വകുപ്പിന്റെ ജാഗ്രത നിർദേശം.
പരിമിതമായ നടപ്പാതകൾ, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകൾ, കാൽനട യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയുള്ള അജ്ഞത എന്നിങ്ങനെ പല കാരണങ്ങൾ മൂലം പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു. രാത്രിയിൽ കാൽനടയാത്രക്കാരുടെ ദൃശ്യപരത സങ്കീർണ പ്രതിഭാസമാണ്. ഡ്രൈവർ കാൽനടയാത്രക്കാരനെ കുറഞ്ഞത് 66 മീറ്ററെങ്കിലും മുമ്പ് കാണണം. വെളിച്ചമുള്ള റോഡുകളിൽ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാൻ കഴിയുന്നത് കേവലം 30 മീറ്റർ പരിധിക്ക് അടുത്ത് എത്തുമ്പോഴാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതും കാൽനടയാത്രികൻ റോഡിന്റെ ഇടത് വശത്താണെങ്കിൽ. ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീൽഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറൽ വിഷന്റെ പ്രശ്നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.
മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകടസാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു. കാൽനടയാത്രക്കാർ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാൽനടയാത്രക്കാരെ ഡ്രൈവർമാർ പ്രതീക്ഷിക്കില്ല എന്നതും പ്രശ്നമാണ്. കറുത്ത വസ്ത്രവും വെളിച്ചമില്ലായ്മയും കറുത്ത റോഡും ചേരുമ്പോൾ പ്രഭാതസവാരിക്കാരനെ തൊട്ടടുത്ത് നിന്നാൽ പോലും കാണുക അസാധ്യമാണെന്നും ജാഗ്രത നിർദേശത്തിൽ മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
• സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.
• കഴിയുന്നതും മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക.
• വെളിച്ചമുള്ളതും നടപ്പാതകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം.
• തിരക്കേറിയതും വാഹനങ്ങളുടെ വേഗത കൂടുതലുള്ളതുമായ റോഡുകൾ ഒഴിവാക്കുക.
• നടപ്പാത ഇല്ലെങ്കിൽ അരികിലൂടെ വരുന്ന വാഹനങ്ങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലതുവശം ചേർന്ന് നടക്കുക.
• വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുക. കറുത്ത വസ്ത്രങ്ങൾ പൂർണമായി ഒഴിവാക്കുക.
• റിഫ്ലക്ടീവ് ജാക്കറ്റുകളോ അത്തരം വസ്ത്രങ്ങളോ ഉപയോഗിക്കുക.
• വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ വാഹനങ്ങൾ പാഞ്ഞുവരാമെന്ന ശ്രദ്ധ വേണം.
• ഫോൺ ഉപയോഗിക്കുന്നതും ഇയർ ഫോണിൽ പാട്ട് കേൾക്കുന്നതും ഒഴിവാക്കണം.
• കുട്ടികൾ കൂടെയുണ്ടെങ്കിൽ അധികം ശ്രദ്ധ നൽകണം.
• റോഡിലൂടെ വർത്തമാനം പറഞ്ഞ് കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
• മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ നന്നായി കാണാൻ കഴിയില്ല എന്ന കാര്യം മനസ്സിലാക്കുക. കഴിയുമെങ്കിൽ പ്രതികൂല കാലാവസ്ഥയിൽ നടത്തം ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.