റാന്നി: സ്കൂളിൽ വീണ് കൈക്കുഴക്ക് പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കാനിടയായ സംഭവത്തിൽ ചികിത്സപ്പിഴവെന്ന് ആരോപിച്ച് റാന്നി മാർത്തോമ മെഡിക്കൽ മിഷൻ ആശുപത്രി പടിക്കൽ പ്രതിഷേധമിരമ്പി. ശനിയാഴ്ച വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സംഘർഷ സാധ്യത മുന്നിൽക്കണ്ട് ആശുപത്രിക്ക് സുരക്ഷ ഏർപ്പെടുത്തി. അയിരൂർ നോർത്ത് തേക്കുങ്കൽ പരുത്തിക്കാട്ടിൽ താമരശ്ശേരിയിൽ കെ.കെ. വിജയൻ-സൂസമ്മ ദമ്പതികളുടെ മകനും പ്ലാങ്കമൺ എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർഥിയുമായ ആരോൺ വി. വർഗീസാണ് കഴിഞ്ഞദിവസം മരിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് അയിരൂർ കർമൽ മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സ്കൂളിൽ കളിക്കുന്നതിനിടെ വീണ് കൈക്കുഴക്ക് പരിക്കേറ്റ കുട്ടിയെ ബുധനാഴ്ച വൈകീട്ടാണ് മർത്തോമ ആശുപത്രിയിൽ എത്തിച്ചത്. കൈക്കുഴക്ക് പൊട്ടലുണ്ടെന്നും ഇത് പിടിച്ചിടണമെന്നും ഡോക്ടർ നിർദേശിച്ചു.
അനസ്തേഷ്യ നൽകുമെന്ന് അറിയിച്ച ശേഷം ഓപറേഷൻ തിയറ്ററിൽ കയറ്റി. രാത്രി എട്ടോടെ കുട്ടിയുടെ ആരോഗയ സ്ഥിതി മോശമയി. തുടർന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തിനു മരിച്ചു. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തിൽ റാന്നി മാര്‍ത്തോമ മെഡിക്കൽ മിഷൻ ആശുപത്രിയുടെ വിശദീകരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ബാലസംഘം പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബോസിന് പരിക്കേറ്റു. മാർച്ചിനു ശേഷം നടന യോഗത്തിൽ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. ബാബുരാജ്, അഡ്വ. മോഹൻദാസ്, അലൻ മാത്യു, ആർ. സുധീഷ് ബാബു, നൈജിൽ കെ. ജോൺ, അനു ഫിലിപ്, സുനിൽ തോമസ്, അഭിജിത് സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.