പാരിപ്പള്ളി (കൊല്ലം): ജനുവരി അഞ്ചിന് കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലകൊണ്ട് മൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്തിയ സംഭവത്തിൽ മാതാവ് രേഷ്മയെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിലെ ദുരൂഹത വർധിക്കുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതായി പറയപ്പെടുന്ന രേഷ്മയുടെ അജ്ഞാത കാമുകനെക്കുറിച്ച് മരിച്ച യുവതികൾക്ക് അറിവുണ്ടായിരുന്നോ എന്ന് സംശയവും ഉയരുന്നുണ്ട്. അന്വേഷണ ഘട്ടങ്ങളിൽ ക്രിമിനൽ ബുദ്ധിയോടെയാണ് രേഷ്മ പെരുമാറിയതെന്നും പൊലീസ് പറയുന്നു.
രേഷ്മക്ക് ഉള്ളതായി പറയുന്ന ഫേസ്ബുക്ക് കാമുകൻ ഇപ്പോഴും സങ്കൽപം മാത്രമാണ്. രേഷ്മ സ്മാർട്ട് ഫോൺ നിരന്തരം ഉപയോഗിക്കുമായിരുന്നു. തുടർന്ന് ഭർത്താവ് വിഷ്ണു ഫോണും സിംകാർഡും നശിപ്പിച്ചിരുന്നു.
അതിനുശേഷം മാതാപിതാക്കളുടെ ഫോണാണ് ഉപയോഗിച്ചത്. ഇവ സ്മാർട്ട് ഫോണുകളല്ലാത്തതിനാൽ കാമുകനുമായി ബന്ധം ഉണ്ടാകാൻ ഇടയില്ലെന്ന് കരുതുന്നു. മൊബൈൽ ചാറ്റ് ചെയ്ത സമയത്ത് ഒരുദിവസം പരവൂരിൽ എത്താൻ കാമുകൻ പറഞ്ഞെന്നും അവിടെ എത്തിയെങ്കിലും അയാൾ വന്നില്ലെന്നും രേഷ്മ പൊലീസിന് മൊഴി നൽകി.
കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിനും പൊലീസ് തയാറെടുക്കുകയാണ്. കേസിൽ രേഷ്മയുടെ ഭർത്താവിനും ബന്ധുക്കൾക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റം രേഷ്മ ഏറ്റെടുത്തതാണോ എന്ന സംശയം പൊലീസിനുണ്ട്. ഒരു വീട്ടിൽ ഒരുമിച്ച് കഴിഞ്ഞ ഭർത്താവോ ബന്ധുക്കളോ പ്രസവവിവരം അറിഞ്ഞില്ല എന്ന മൊഴിയും പൊലീസ് തള്ളി.
പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. പൂർണഗർഭം ഒളിപ്പിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ വിദഗ്ധർ പറയുമ്പോൾ വീട്ടിൽ ഉള്ളവരെയും രേഷ്മയെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
പൊലീസ് ചോദ്യംചെയ്യാനായി നോട്ടീസ് നൽകിയ യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായിട്ടുണ്ട്. മരിച്ച യുവതികൾക്ക് സംഭവത്തിൽ ബന്ധമുണ്ടായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ശിശുവിനെ കണ്ടെത്തിയ സ്ഥലത്തിെൻറ ഉടമസ്ഥെൻറ മകൾ രേഷ്മയെയാണ് (21) രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തത്. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജനുവരി അഞ്ചിന് രാവിലെ ആറോടെ പുരയിടത്തിൽ ശിശുവിനെ ഉപേക്ഷിച്ചവിവരം രേഷ്മയുടെ പിതാവാണ് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചത്. പാരിപ്പള്ളി പൊലീസ് എത്തി ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യു യൂനിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടർന്ന് രേഷ്മയുടെ അടക്കം ഡി.എൻ.എ പരിശോധന നടത്തി. അങ്ങനെയാണ് രേഷ്മയാണ് കുഞ്ഞിെൻറ അമ്മയെന്ന് തെളിഞ്ഞത്. ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാനായി ശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് കഴിഞ്ഞദിവസം മരിച്ച ആര്യയും ഗ്രീഷ്മയും ചേർന്നായിരുെന്നന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി പൊലീസ് ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.