തിരുവനന്തപുരം/തിരുവല്ലം: ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട്. മരിച്ച സുരേഷ്കുമാറിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പ്രാഥമിക നിഗമനത്തിലാണെത്തിയത്. ഇക്കാര്യം ആശുപത്രിയിൽ നിന്നും തിരുവല്ലം പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് മർദനം മൂലമാണ് മരണമെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
അതേസമയം കസ്റ്റഡിയിലുള്ളയാൾ മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസി.കമീഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സുരേഷ്കുമാറിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നത്. എന്നാൽ ആന്തരികമായ ക്ഷതം ഏറ്റതുൾപ്പെടെ കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. അതിനാൽ കൃത്യമായ പരിശോധന വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അത്തരം പരിശോധനകൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാക്കുമെന്നാണ് സൂചന. സുരേഷ്കുമാർ ഉൾപ്പെടെ അഞ്ച് പ്രതികളെ പൊലീസ് സ്റ്റേഷനിൽ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുകയാണ്.
സുരേഷ് കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അകമ്പടിയിലാണ് മെഡിക്കൽ കോളജിൽനിന്ന് തിരുവല്ലത്ത് മൃതദേഹം എത്തിച്ചത്. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. അഞ്ചരയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.