നി​ദ ഫാ​ത്തി​മ

സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല

അമ്പലപ്പുഴ: സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പുരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒരുവർഷം പിന്നിട്ടപ്പോൾ ലഭിച്ചത് മരണകാരണം വ്യക്തമാക്കാതെയുള്ള ഫോറൻസിക് റിപ്പോർട്ട്. മരിച്ച കായിക താരത്തിന്‍റെ അവ്യക്തമായ ആന്തരികാവയവ പരിശോധനഫലം ഞായറാഴ്ചയാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

2022 ഡിസംബർ 22നാണ് നാഗ്‌പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരള ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റ മൻസിലിൽ ഷിഹാബുദ്ദീൻ-അൻസില ദമ്പതികളുടെ മകൾ നിദ ഫാത്തിമ (10) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നീർകുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി നിദ ഫാത്തിമ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം നാഗ്പുരിലെത്തിയത്.

ഇവിടെ കടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ശക്തമായ ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് കുത്തിവെപ്പ് എടുത്തതോടെ നില വഷളാകുകയും മരിക്കുകയുമായിരുന്നെന്നാണ് ആശുപത്രിയിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, മരണകാരണം എന്തെന്നറിയാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.

കുട്ടി മരിച്ചിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ ഫോറൻസിക് പരിശോധന ഫലമോ ലഭിച്ചിരുന്നില്ല. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നിരന്തര ആവശ്യത്തെതുടർന്നാണ് ഇത് ലഭിച്ചതെങ്കിലും അതിൽ മരണകാരണം വ്യക്തമല്ല. ഈ സാഹചര്യത്തിൽ വിദഗ്ധാഭിപ്രായം അറിയുന്നതിന് മെഡിക്കൽ ബോർഡിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ആക്ഷൻ കൗൺസിലും ബന്ധുക്കളുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ യു.എം. കബീർ പറഞ്ഞു.

Tags:    
News Summary - Death of cycle polo player Nida Fatima: No clarity in postmortem report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.