മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹമരണം ഗൗരവമായി കാണുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭിയൽ മറുപടി പറയുമ്പോഴും കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും പട്ടികവർഗ വകുപ്പിന്റെ ചുവപ്പ് നാടയിൽ. മരണാനന്തര ചടങ്ങുകൾക്ക് പട്ടികവർഗ വകുപ്പ് അനുവദിച്ച 5,000 രൂപ പോലും കൈമാറിയിട്ടില്ലെന്ന് കുടുംബം ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.

കൽപറ്റ ട്രൈബൽ ഓഫിസിൽനിന്ന് അതിനുള്ള പേപ്പറുകൾ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ട്രൈബൽ പ്രമോട്ടർ പറഞ്ഞത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ ചൊവ്വാഴ്ച പട്ടികവർഗ ഓഫിസിൽനിന്ന് മൊബൈലിൽ വിളിച്ചിരുന്നു. ആധാർ കാർഡിന്റെ പകർപ്പും ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും വാട്സാപ്പിൽ അയച്ചുകൊടുക്കാനാണ് ഓഫിസർ ആവശ്യപ്പെട്ടത്. കുടുംബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. തുക എന്നു ലഭിക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും വിശ്വനാഥന്റെ ഭാര്യ ബിന്ദു പറഞ്ഞു. മേപ്പാടി ആനക്കാട് കോളനിയിൽ അമ്മയോടൊപ്പമാണ് ബിന്ദു ഇപ്പോൾ താമസിക്കുന്നത്.

വിശ്വനാഥന്‍റെ മരണം നിയമസഭയിൽ ചർച്ചയായപ്പോൾ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത് ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നാണ്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിശ്വനാഥന്‍റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

എന്നാൽ, ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായെന്നാണ് വിശ്വനാഥന്റെ ഭാര്യയുടെ അമ്മ ലീല മൊഴി നൽകിയത്. രാത്രി രണ്ടിന് ശേഷം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും അവർ അന്വേഷിക്കാൻ തായാറായില്ല. മെഡിക്കൽ കോളജിലെ സെക്യൂരിറ്റിക്കാരാണ് മോഷണം ആരോപിച്ചതെന്ന് ലീല ഇപ്പോഴും പറയുന്നു. പിറ്റേദിവസം പരാതി നൽകാനെത്തിയ സഹോദരൻ വിനോദിനോടും പൊലീസ് മോശമായിട്ടാണ് ഇടപെട്ടത്. വിശ്വനാഥന്‍റെ കേസിൽ ഏറ്റവും ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും കുറ്റവാളികൾക്ക് ശിക്ഷ നൽകും എന്നും മന്ത്രി ഉറപ്പുനൽകുമ്പോഴും അന്വേഷണം സുതാര്യമായി നടക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. ആദിവാസികളെ മോഷ്ടാക്കളായി കാണുന്ന പൊലീസിന്റെ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.  

Tags:    
News Summary - Death of tribal youth branded thief: Even funeral money not handed over yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.