കാസർകോട്: 'പാണ്ടിലോറിക്കടിയിൽപെട്ടും ആളുകൾ ചാകും', 'ശാരീരികമായി ഏറ്റുമുട്ടാനും ഒരുക്കം'... കേന്ദ്ര സർവകലാശാലയിൽ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഫാക്കൽറ്റി യോഗത്തിൽ വകുപ്പ് തലവെൻറ ഭീഷണി ഇങ്ങനെ പോകുന്നു. മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവനിൽ ഭയമുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി വനിത അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമൻ വൈസ് ചാൻസലർക്ക് പരാതി നൽകി. അല്ലാത്തപക്ഷം നിയമ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയും അവർ നൽകി.
മറ്റൊരു അസി. പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനും വകുപ്പുതലവൻ ഡോ. കെ. ജയപ്രസാദിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതികളിൽ അന്വേഷണം നടന്നാൽ തെളിവുനൽകാൻ ഒരുങ്ങുകയാണ് പ്രഫ. എം.എസ്. ജോൺ.
കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ കേന്ദ്ര സർവകലാശാല ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിെൻറ ഫാക്കൽറ്റി യോഗത്തിലാണ് സംഭവം. ബോർഡ് ഒാഫ് സ്റ്റഡീസ് യോഗം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. ഇതിൽ എം.എ പ്രവേശനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റണമെന്ന് മുൻ വകുപ്പ് തലവൻ പ്രഫ. എം.എസ്. ജോൺ, അസി. പ്രഫസർമാരായ ഡോ. ഉമ പുരുഷോത്തമൻ, ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലേക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന മുൻ പി.വിസിയും വകുപ്പ് തലവനുമായ ഡോ. കെ. ജയപ്രസാദിെൻറ നിലപാടിനെ മൂവരും എതിർത്തു. ഇത്തരം വിദ്യാർഥികൾ കാമ്പസിലേക്ക് കടന്നുവന്നാൽ അവർ ആക്ടിവിസ്റ്റുകളാകുമെന്നാണ് മുൻ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്‍റ് കൂടിയായ ജയപ്രസാദിെൻറ ആശങ്ക.
ഇൗ രീതിയിലെ നിയന്ത്രണം എടുത്തുകളയണമെന്ന നിലപാട് മൂന്നുപേരും യോഗത്തിൽ ഉന്നയിച്ചു. മാത്രമല്ല, ഇൗ രീതി അവലംബിച്ചതോടെ വിദ്യാർഥികളുടെ ഗുണനിലവാരം കുറഞ്ഞതായി ഇവർ യോഗത്തിൽ പറഞ്ഞു. തെൻറ നിലപാടിനെ മൂന്നുപേരും എതിർത്തതോടെ ജയപ്രസാദ് നിയന്ത്രണംവിട്ട് പെരുമാറാൻ തുടങ്ങിയതായി യോഗത്തിൽ പങ്കെടുത്തവർ പറയുന്നു.
വകുപ്പിൽ വിഭാഗീയത സൃഷ്ടിച്ചാൽ 'ആക്ഷൻ നേരിട്ടിരിക്കും' എന്ന് ഭീഷണിപ്പെടുത്തി. നേരിട്ടും ശാരീരിക ഏറ്റുമുട്ടലിനും താൻ ഒരുക്കമാണെന്ന് പൊട്ടിത്തെറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'തനിക്ക് ഒന്നര വർഷത്തെ സർവിസ് മാത്രം ഉള്ളൂവെന്നിരിക്കെ പ്രവേശന പ്രശ്നം പരിഹരിക്കണമെന്ന് പ്രഫ. എം.എസ്. ജോൺ ആവർത്തിച്ചപ്പോൾ, 'പാണ്ടിേലാറിക്കടിയിൽപെട്ടും ചാകാം' എന്ന് ജയപ്രസാദ് ആക്രോശിച്ചുവത്രെ.
പി.വി.സിയായിരിക്കെ ജയപ്രസാദ്, അധ്യാപകരോട് തന്നെ എതിർത്താൽ 'തീർത്തുകളയും' എന്നും 'ശാരീരികമായും രാഷ്ട്രീയമായും അക്കാദമിക്കായും ഇല്ലാതാക്കും' എന്ന് പറഞ്ഞതും ഇവർ നൽകിയ പരാതിയിലുണ്ട്. സർവകലാശാലയിൽ പരക്കെ ഭീഷണിസ്വരം ഉയർത്തുന്നുവെന്ന പരാതികൾ വന്നതോടെ പുതിയ വി.സി ഡോ. വെങ്കിടേശ്വർലു, ജയപ്രസാദിനെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു.
കേന്ദ്ര സർക്കാറിൽ ഇടപെട്ട് മാറ്റം റദ്ദാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹം ഹൈകോടതിയിൽനിന്ന് ഇപ്പോൾ സ്റ്റേ വാങ്ങിയിരിക്കുകയാണ്. പി.വി.സി സ്ഥാനം നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും അതും സാധിച്ചില്ല. അദ്ദേഹം നൽകിയ വി.സി പട്ടിക രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.