ജനങ്ങൾക്ക് വരുമാനമില്ല, വായ്പാ തിരിച്ചടവുകൾക്ക് മൂന്ന് മാസമെങ്കിലും സാവകാശം നൽകണം -വി.ഡി. സതീശൻ

തിരുവനന്തപുരം: കോവിഡ് ഒന്നാംതരംഗത്തിന്‍റെ സമയത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വായ്പാ തിരിച്ചടവുകൾക്ക് സാവകാശം നൽകിയതുപോലെ ഇത്തവണയും സാവകാശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

നല്ല ശതമാനം ആളുകൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ശമ്പളക്കാരല്ലാത്തവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. നാട്ടിലെ സാധാരണക്കാർക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള കടബാധ്യതയുണ്ടാകും. കഴിഞ്ഞ ലോക്ഡൗണിൽ ബാങ്കുകളുമായി ആലോചിച്ച് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. തിരിച്ചടവിന് സമയം നീട്ടിക്കൊടുത്തിരുന്നു.

നിലവിൽ സ്വകാര്യ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പ തിരിച്ചടക്കാൻ ആളുകളെ നിർബന്ധിക്കുകയാണ്. മറ്റ് പലവിധത്തിലുള്ള വായ്പകളും ആളുകൾക്കുണ്ട്. യാതൊരു വരുമാനവുമില്ലാത്ത സാഹചര്യത്തിൽ ഇവ തിരിച്ചടക്കാനാകുന്നില്ല.

ഈയൊരു സാഹചര്യത്തിൽ മൂന്ന് മാസമെങ്കിലും വായ്പാ തിരിച്ചടവ് നീട്ടിക്കൊടുക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം സർക്കാർ തന്നെ മുൻകൈയെടുത്ത് വ്യവസ്ഥാപിതമായ സംവിധാനം ഒരുക്കിയിരുന്നു. ഇപ്പോൾ അവയൊന്നും നിലവിലില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Debt repayments should be delayed by at least three months - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.