ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ ഈ സാമ്പത്തിക വർഷം കേരളത്തിന് ഒറ്റത്തവണ ഇളവ് അനുവദിക്കുന്ന കാര്യം ആലോചിക്കാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബുധനാഴ്ച നിലപാട് അറിയിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നല്കി. കേരളത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ചൊവ്വാഴ്ച ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം പരാമർശിച്ചപ്പോഴാണ് കോടതി ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. കഴിഞ്ഞയാഴ്ച നടന്ന കേന്ദ്ര-കേരള ചർച്ച പരാജയമായിരുന്നുവെന്ന് സിബൽ ബോധിപ്പിച്ചു. 19,352 കോടി രൂപ കടമെടുപ്പിനുള്ള അനുമതിയാണ് കേരളം തേടിയത്. കേന്ദ്രത്തിന്റെ കർശന നിലപാടിൽ തങ്ങൾക്ക് സംശയമില്ലെന്നും എന്നാൽ പ്രത്യേക നടപടി എന്ന നിലയിൽ വല്ലതും ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
അടുത്ത പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണം. 25,000 കോടി രൂപയുടെ രക്ഷാ പാക്കേജ് സംസ്ഥാനം ചോദിച്ചിട്ട് തങ്ങൾ അത് തള്ളിയതാണെന്ന് കേന്ദ്രം പ്രതികരിച്ചു. കേരളത്തിന് ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കും. രക്ഷാ പാക്കേജ് സാധ്യമല്ലെന്നും ഏപ്രില്‍ ഒന്നിന് 5000 കോടി നല്‍കാമെന്നും കേന്ദ്രം വാദിച്ചു. എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെ വന്നാലെന്തു ചെയ്യുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വെങ്കിട്ടരാമൻ ചോദിച്ചു. കേന്ദ്രം വിശാലത കാണിക്കണമെന്നും അടുത്ത സാമ്പത്തിക വർഷം കൂടുതൽ കർശന വ്യവസ്ഥകൾ വെക്കുമെന്ന ഉപാധിയോടെ ഒറ്റത്തവണ പാക്കേജ് എന്ന നിലയിൽ മാർച്ച് 31നകം ഇളവ് നൽകിയാൽ മതിയെന്നും സുപ്രീംകോടതി നിർബന്ധിച്ചു. അതോടെ ബുധനാഴ്ച രാവിലെ 10.30ന് നിലപാട് അറിയിക്കാമെന്ന് കേന്ദ്രം പറഞ്ഞു.
തിരുവനന്തപുരം: കടമെടുപ്പിൽ കേരളം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് പരിഗണന നൽകേണ്ടതാണെന്ന നിലപാടാണ് ചൊവ്വാഴ്ച സുപ്രീംകോടതി സ്വീകരിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം ഉന്നയിക്കുന്ന വിഷയങ്ങളിൽ ന്യായമുണ്ടെന്ന് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കണക്കുകളുടെ കാര്യത്തിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിൽ ചർച്ച നടത്താൻ കോടതി പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചർച്ച നടന്നു. എന്നാൽ, ഒന്നും തരാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അടിസ്ഥാനപരമായ പ്രശ്നം കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.