കണ്ണൂർ: മൈക്ക് പിടിച്ച കൈകൾ വിറച്ചു, വാക്കുകൾ മുറിഞ്ഞു, പലകുറി കണ്ണുതുടച്ചു, സഭാകമ്പം നല്ലോണമുണ്ട്...... എങ്കിലും ആ അമ്മ കവലകൾ തോറും പ്രസംഗിക്കുകയാണ്. രണ്ടോ മൂന്നോ മിനിറ്റ് മാത്രം നീളുന്ന, ഉള്ളു പൊള്ളിക്കുന്ന തുറന്നുപറച്ചിൽ.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന, വാളയാർ കുട്ടികളുടെ അമ്മ ഭാഗ്യവതിയുടെ വോട്ടുതേടൽ െതരഞ്ഞെടുപ്പ് ചരിത്രത്തിലെ നൊമ്പരക്കാഴ്ചയാണ്.
മുഖത്ത് ചിരിയില്ല, ദുഃഖമാണ് സ്ഥായീഭാവം. തൊഴുകൈകളോടെ വോട്ടർമാരോട് പറയുന്നത് ഒന്നുമാത്രം. 'നീതിക്ക് വേണ്ടിയാണ്.. കൂടെയുണ്ടാകണം..'കാണുന്നവരോടൊക്കെ അവർ അതു ആവർത്തിച്ചുകൊണ്ടിരുന്നു.
കൂടെയുള്ളത് മൂന്നുനാലു പേർ മാത്രം. രണ്ടു ദിവസമായി വാളയാർ അമ്മ ധർമടത്ത് വോട്ടുചോദിച്ച് സഞ്ചരിക്കുകയാണ്. പൊതുവേ നല്ല സ്വീകരണമാണെങ്കിലും ചിലർ ലഘുലേഖ വാങ്ങാൻ പോലും മടിക്കുന്നതായി കൂടെയുള്ളവർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ, പിണറായിയിൽ വെച്ചായിരുന്നു തുടക്കം. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഒാഫിസിന് മുന്നിൽ അമ്മ എത്തുേമ്പാൾ ആക്ടിവിസ്റ്റ് സലീന പ്രക്കാനം സംസാരിക്കുന്നു. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പിണറായി സർക്കാർ കാണിച്ച നീതിനിഷേധം തുറന്നടിക്കുകയാണ് അവർ.
കുഞ്ഞുടുപ്പാണ് ചിഹ്നം. ചോര പുരണ്ട രണ്ടു കുഞ്ഞുടുപ്പ് കൈയിൽ ഉയർത്തിപ്പിടിച്ച് വാളയാർ കുട്ടികളുടെ അച്ഛനും അവർക്കൊപ്പമുണ്ട്. പെൺകുട്ടികളുടെ സഹോദരൻ 12കാരൻ എല്ലാം കണ്ടും കേട്ടും വാഹനത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു.
പ്രേത്യകം പൊലീസ് സുരക്ഷയിലാണ് വാളയാർ അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മഫ്തിയിലുള്ള രഹസ്യാന്വേഷണ സംഘം ഇവർക്ക് പിന്നാലെയുണ്ട്. പിന്തുണയുമായി മാവോവാദികൾ ആരെങ്കിലും വരുന്നുണ്ടോയെന്നാണ് അവരുടെ അന്വേഷണം.
വാളയാർ അമ്മ ഭാഗ്യവതി 'മാധ്യമ'ത്തോട് സംസാരിക്കുന്നു
മുഖ്യമന്ത്രിയുടെ കാലുപിടിച്ചതാണ് ഞാൻ. അന്ന് എനിക്ക് മൂന്ന് ഉറപ്പ് കിട്ടിയിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
ഏത് ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടാലും അതിനൊപ്പം നിൽക്കും. മൂന്നും നടപ്പായിട്ടില്ല. ഉദ്യോഗസ്ഥർ ഡബ്ൾ പ്രമോഷനോടെ ഇപ്പോഴും സർവിസിലിരിക്കുകയാണ്.
എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നത്. കാരണം, ഞങ്ങൾ ആരെയും ദ്രോഹിക്കാനല്ലല്ലോ വന്നിരിക്കുന്നത്.
കണ്ണൂർ മാത്രമല്ല, വാളയാറിനപ്പുറം എല്ലായിടത്തും എനിക്ക് പരിചയമില്ലാത്തവരാണ്. ഏതുസ്ഥലമാണെങ്കിലും നമ്മളെപ്പോലെ മനഃസാക്ഷിയുള്ള ആളുകൾ ആണല്ലോ.
അറിയില്ല. ഇടതു സർക്കാറിനെ തുടക്കം വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. സി.പി.എമ്മിന് വോട്ടുചെയ്തുകൊണ്ടിരുന്ന ആളാണ്. അച്യുതാനന്ദൻ വീട്ടിൽ വന്നുപറഞ്ഞു. പിണറായിയെ ചെന്നുകണ്ടുപറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് നീതി കിട്ടുന്നില്ല എന്ന് മനസ്സിലാകുന്നില്ല.
പേരു കൊടുക്കാതിരിക്കാനും മുഖം കാണിക്കാതിരിക്കാനും ഞാനൊരു കൊലക്കേസ് പ്രതിയൊന്നുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.