തൃശൂർ: തുടർച്ചയായ മൂന്നാം വർഷവും കാലവർഷം ചതിക്കുമെന്ന ആശങ്ക ശക്തമായതോടെ േകരളം ദേശീയതലത്തിൽപോലും കേട്ടുകേൾവിയില്ലാത്ത വരൾച്ച ഭീഷണിയിൽ. ഏറെ മഴ ലഭിച്ചിരുന്ന വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കമ്മി രൂക്ഷം. ആദ്യപാദം പിന്നിടുേമ്പാൾ 30.6 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. മൺസൂണിൽ 1925 മി.മീ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. ഇതിൽ ആദ്യഘട്ടമായ ജൂൺ, ജൂലൈ മാസങ്ങളിൽ 1321 മില്ലീമീറ്റർ മഴയും ലഭിക്കണം. എന്നാൽ, 969 മി.മീ മഴമാത്രമാണ് ഇൗ രണ്ട് മാസങ്ങളിൽ ലഭിച്ചത്. ജൂണിൽ 684ന് പകരം 589ഉം ജൂലൈയിൽ 637ന് പകരം 380മാണ് ലഭിച്ചത്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിർത്താതെ പെയ്താൽപോലും വരൾച്ച സാഹചര്യങ്ങൾ ഇല്ലാതാക്കാനാവില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ജൂണിൽ 36, ജൂലൈയിൽ 33, ആഗസ്റ്റിൽ 20, സെപ്റ്റംബറിൽ 12 ശതമാനം എന്നിങ്ങനെയാണ് കാലവർഷത്തിെൻറ കേരളത്തിലെ വിതരണം. ആഗസ്റ്റിൽ 376, സെപ്റ്റംബറിൽ 228 മി.മീറ്ററുമാണ് ലഭിക്കേണ്ടത്. മഴ കുറയുന്ന പ്രവണത പ്രതിവര്‍ഷം കൂടിവരുന്നതിനാല്‍ അമിതപ്രതീക്ഷ വേണ്ടെന്ന് കലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.1981, 2007, 2013 വർഷങ്ങളിൽ മാത്രമാണ് അതിവർഷം കേരളത്തിന് ലഭിച്ചിട്ടുള്ളത്. 2015ൽ 26 ശതമാനവും 16ൽ 36 ശതമാനവും കുറവ് മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇൗ വർഷം ഒന്നാംപാദത്തിൽ തന്നെ 30.6 ശതമാനം കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നത് പ്രശ്നത്തിെൻറ ഗുരുതരാവസ്ഥയാണ് വെളിവാക്കുന്നത്.
കഴിഞ്ഞ വർഷത്തെ വരൾച്ചയുടെ കെടുതികൾ ഇല്ലാതാക്കാൻ ഇൗ വർഷം ഇതുവരെ ലഭിച്ച മഴയിൽ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇക്കുറിയും മഴ ചതിക്കുമെന്ന ആശങ്ക ശക്തമാകുന്നത്. 68 ശതമാനം കാലവർഷവും 16 ശതമാനം തുലാവർഷവും 14 ശതമാനം വേനൽമഴയുമാണ് കേരളത്തിന് ആകെ ലഭിക്കുന്ന മഴ. ഇതിൽ ഏെറ ആശ്രയിക്കുന്ന കാലവർഷം ചതിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് തുലാവർഷത്തിന് കാരണം. വേനൽമഴ പ്രാദേശിക പ്രതിഭാസങ്ങളിലുമാണ് രൂപപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇവയും കൃത്യമായി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.