കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തുന്നവർക്ക് മതിയായ ശിക്ഷ ഉറപ്പാക്കുന്ന കാര്യം നിയമനിർമാതാക്കൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈകോടതി.
അപകീർത്തികരമായ പോസ്റ്റുകളും പോസ്റ്ററുകളും ഇടുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം. ഓർത്തഡോക്സ് വിഭാഗം വൈദികർ കോട്ടയത്തു നടത്തിയ നിരാഹാരസമരത്തിന്റെ ചിത്രം അപകീർത്തിപ്പെടുത്തുംവിധം എഡിറ്റ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. ഗീവർഗീസ് ജോൺ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.
സമരത്തിൽ പങ്കെടുത്ത വൈദികർ പിടിച്ചിരുന്ന ബാനർ ഫാ. ഗീവർഗീസ് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന മറ്റൊരു പുരോഹിതന്റെ പരാതിയിൽ കേരള പൊലീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ശല്യമുണ്ടാക്കൽ എന്ന കുറ്റം ഈ കേസിൽ നിലനിൽക്കില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ഇത്തരത്തിൽ കേസെടുക്കാൻ തുടങ്ങിയാൽ ഫേസ് ബുക്ക് പോസ്റ്റുകളുടെ പേരിൽ കേസ് എടുക്കാനേ നേരമുണ്ടാകൂവെന്ന് അഭിപ്രായപ്പെട്ട കോടതി, കേസും നിലമ്പൂർ കോടതിയിലെ തുടർനടപടികളും റദ്ദാക്കി. അതേസമയം, ഹരജിക്കാരൻ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോഴും പ്രചരിക്കുന്നതായി വിലയിരുത്തിയ സിംഗിൾബെഞ്ച്, ഇത്തരം പോസ്റ്റുകൾക്ക് മതിയായ ശിക്ഷ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.