കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ വീണ്ടും പരാതിയുമായി ബന്ധുവായ പെൺകുട്ടി. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള ചിത്രങ്ങൾ പങ്കുവെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്.
മുകേഷിനും മറ്റു പ്രമുഖ താരങ്ങൾക്കുമെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതി കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും 2014ൽ ഓഡിഷനായി തന്നെ ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചു. എതിർത്തപ്പോൾ മോശമായ രീതിയിൽ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോൾ ഒരുപാട് പെൺകുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോൾ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാൽ നമുക്കെല്ലാവർക്കും നല്ല രീതിയിൽ സെറ്റിലാകാൻ പറ്റുമെന്നും പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് നടി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും അപകീർത്തികരമായ പരാമർശങ്ങളോടെയുള്ള കുറിപ്പും പുറത്തുവിട്ടത്. ഇതിൽ ബന്ധുവായ യുവതിക്കെതിരെയുള്ള ആരോപണങ്ങളുണ്ട്. തുടർന്നാണ് യുവതി നടിക്കെതിരെ വീണ്ടും പരാതി നൽകിയത്.
അതേസമയം, ബന്ധുവായ യുവതി തനിക്കെതിരെ നൽകിയ പരാതി വ്യാജമാണെന്ന് നടി പ്രതികരിച്ചു. വ്യക്തിവൈരാഗ്യം ആണ് ഇതിന് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിന്റെ വൈരാഗ്യം തീർക്കുകയാണ് ഇവരെന്നും നടി പറയുന്നു. 2014ൽ തന്റെ ഷൂട്ടിങ് സെറ്റിൽ ഇവർ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാൻ സാധിച്ചിരുന്നില്ല. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്നും താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു നടിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.