ക്വ​േട്ടഷൻ സംഘങ്ങൾക്കെതിരായ സി.പി.എം കാമ്പയിന്​ ടി.പി വധക്കേസ്​ പ്രതിയുടെ പിന്തുണ

കണ്ണൂർ: ക്വട്ടേഷന്‍ - മാഫിയ സംഘങ്ങള്‍ക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്​ പിന്തുണയുമായി ടി.പി വധക്കേസ്​ അഞ്ചാംപ്രതി പ്രതി കെ.കെ. മുഹമ്മദ്​ ഷാഫി. കാമ്പയിനെ കുറിച്ച്​ വിശദീകരിക്കാൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്‍റെ വിഡിയോ ഫേസ്​ബുക്കിൽ ഷെയർ ചെയ്​താണ്​ ഷാഫി പിന്തുണ അറിയിച്ചത്​. ''പാർട്ടി നിലപാടിനൊപ്പം ❤️❤️🌹🌹'' എന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചത്​. കണ്ണൂരിലെ പാർട്ടി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ്​ തില്ല​ങ്കേരി, സ്വർണക്കള്ളക്കടത്തിൽ അന്വേഷണ സംഘം തിരയുന്ന അർജുൻ ആയങ്കി ​തുടങ്ങിയ ക്വ​േട്ടഷൻ സംഘങ്ങളെ പരോക്ഷമായി വിമർശിച്ച്​ വിശദമായ കുറിപ്പും ഷാഫി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്​തു.

എല്ലാവരും തെറ്റ് തിരുത്തണമെന്നും ആരുടെയെങ്കിലും പേരെടുത്തു വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പിൽ പറഞ്ഞു. ''ഈ മഹത്തായ മണ്ണിൽ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ

അവർക്ക് കാലം മറുപടി തരും. പാർട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകൾ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഞങ്ങൾക്ക് വലുത് പാർട്ടി തന്നെയാണ്. ഈ മഹത്തായ മണ്ണിൽ പിടഞ്ഞുവീണു മരിക്കുന്നതുവരെ പാർട്ടിക്കൊപ്പം ഞങ്ങളുണ്ടാവും !'' ഷാഫി ഫേസ്​ബുക്​ പോസ്റ്റിൽ വ്യക്​തമാക്കി.

''പ്രത്യയശാസ്ത്രപരമായി പാർട്ടിയെ പറ്റി കൃത്യമായി അറിയാത്ത ആളുകളാണ്​ ഇത്തരം അരാഷ്ട്രീയവാദം ഉയർത്തുന്നത്​. ഇതൊന്നും പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികൾ അംഗീകരിക്കില്ല. ശക്തമായ ഒരു തലമുറ ഇവിടെ വളർന്നു വരുന്നു. ജനിച്ച നാൾ മുതൽ ഇനിയങ്ങോട്ട് മരിക്കുംവരെ ഈ മഹത്തായ ചെങ്കൊടിക്കു കീഴിൽ ഞങ്ങൾ ഉണ്ടാവും. ഈ നാട്ടിലെ പാവപ്പെട്ടവരെയും വിദ്യാർഥികളെയും ചേർത്തു പിടിക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരന്‍റെയും ലക്ഷ്യമാണ്'' എന്നും കുറിപ്പിൽ തുടർന്നു.



അതേസമയം, ആകാശ്​ തില്ല​ങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ളവർ ഷാഫി ഉൾപ്പെടെയുള്ള ടി.പി വധക്കേസ്​ പ്രതികളെ വീരാരാധനയോടെയാണ്​ കണ്ടിരുന്നതെന്ന്​ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളി​ലൂടെ ഇവർ പലതവണ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നാൽ, ഇവരുമായി ഷാഫി ഇപ്പോൾ അകലത്തിലാണെന്നാണ്​ പറയപ്പെടുന്നത്​. രാമനാട്ടുകര അപകടമരണവും സ്വർണക്കള്ളക്കടത്തും കൊള്ളയടിയുമായി ബന്ധപ്പെട്ട്​ അർജുൻ ആയങ്കി ഒളിവിൽ കഴിയുകയാണ്​. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അന്വേഷണ സംഘം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്​ അർജുനും ആകാശും. പതിനായിരക്കണക്കിന്​ സി.പി.എം പ്രവർത്തകരുടെ പിന്തുണയോടെ സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും പാർട്ടിയുടെ സൈബർ പോരാളികൾ കൂടിയായാണ്​ അറിയപ്പെടുന്നത്​. അതിനിടെയാണ്​ സി.പി.എം ജില്ലാ സെക്രട്ടറി ഇരുവരെയും തള്ളിപ്പറഞ്ഞത്​. അർജുനുമായി അടുത്ത ബന്ധമുണ്ടെന്ന്​ സമ്മതിച്ച ആകാശ്​ തില്ല​ങ്കേരി, മറ്റുകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നാണ്​ പറയുന്നത്​.

​ജില്ലയിലെ കൊലപാതക ക്വട്ടേഷന്‍ -മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ ജൂലൈ 5ന്​​ സി.പി.എം വിപുലമായ കാമ്പയിൻ നടത്തുന്നുണ്ട്​. ജില്ലയിലെ 3801 കേന്ദ്രങ്ങളിൽ കാമ്പയിൻ ദിവസം വൈകീട്ട്​ 5 മണിക്ക് പരിപാടികൾ സംഘടിപ്പിക്കും.

ഷാഫിയുടെ ഫേസ്​ബുക്​​ പോസ്റ്റിന്‍റെ പൂർണരൂപം:

ലോകത്താകമാനം നടക്കുന്ന വംശഹത്യകൾ,

നമ്മുടെ മഹത്തായ രാജ്യത്തിന്റെ പല കോണുകളിലായി അരങ്ങേറുന്ന വർഗീയകലാപങ്ങൾ,

അത്തരം കലാപങ്ങളിൽ മണ്ണിലേക്ക് മരിച്ചുവീഴുന്ന നിസ്സഹായരായ ജനങ്ങൾ..

ജാതീയതയതയ്ക്കും വർഗീയതയ്ക്കും എതിരെ എന്നും നിലപാടെടുത്ത പ്രസ്ഥാനങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ.

പിറന്നു വീണ മണ്ണിൽനിന്ന് മതത്തിന്‍റെ പേരിൽ ആട്ടി ഇറക്കാൻ പരിശ്രമിച്ചവർക്ക് ശക്തമായ മറുപടി കൊടുത്ത് പ്രസ്ഥാനമാണ് നമ്മുടെ പ്രസ്ഥാനം​.

മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രത്ര്യയശാസ്ത്രം.

ചരിത്രപ്രധാനമായ ഒട്ടനവധി സമരങ്ങൾക്ക് വേദിയായ നാടാണ് നമ്മുടെ കണ്ണൂർ.

പോരാട്ടങ്ങളുടെ അങ്കത്തട്ട് എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

ആ പോരാട്ടത്തിന്റെ പാരമ്പര്യം തന്നെയാണ് ഞങ്ങളുടെ ആവേശം.

പാർട്ടിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച അനേകായിരം രക്തസാക്ഷി കുടീരങ്ങൾ ഉണ്ട് ഞങ്ങളുടെ നാട്ടിൽ;

മുടങ്ങാതെ കത്തിജ്വലിക്കുന്ന ദീപശിഖകൾ..

കാലങ്ങളോളം ജീവിക്കുന്ന രക്തസാക്ഷിയായി ജീവിതം ഹോമിച്ച മഹാനായ പുഷ്പേട്ടന്റെ പ്രസ്ഥാനം,

യുവത്വം ജയിലറയിൽ ഹോമിച്ച അനേകായിരം വിപ്ലവകാരികൾ..

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേഡർ പ്രസ്ഥാനം.

ഇതൊരു തരത്തിൽ വ്യക്തികേന്ദ്രീകൃത പ്രസ്ഥാനം അല്ല.

പാവപ്പെട്ട മനുഷ്യനെ നിവർന്നു നിൽക്കാൻ കാണിച്ചുകൊടുത്തത് എൻറെ പ്രസ്ഥാനമാണെന്ന് ആത്മാഭിമാനത്തോടെ ഞാൻ പറയും.

പക്ഷേ, മഹാപ്രസ്ഥാനത്തെ തകർക്കാൻ ആരു ശ്രമിച്ചാലും അതിനെതിരെ പ്രതികരിക്കും.

വളരെയധികം വേദനാജനകമായ ഒരുപാട് വാർത്തകൾ എന്നെ ഇപ്പോഴും സങ്കടപ്പെടുത്തുന്നു.

പ്രത്യയശാസ്ത്രപരമായി പാർട്ടിയെ പറ്റി കൃത്യമായി അറിയാത്ത ആളുകൾ തന്നെയാണ് ഇവിടെ ഇത്തരം അരാഷ്ട്രീയവാദം ഉയർത്തുന്നത്. ഇതൊന്നും പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികൾ അംഗീകരിക്കില്ല.

ശക്തമായ ഒരു തലമുറ ഇവിടെ വളർന്നു വരുന്നു.

ജനിച്ച നാൾ മുതൽ ഇനിയങ്ങോട്ട് മരിക്കുംവരെ ഈ മഹത്തായ ചെങ്കൊടിക്കു കീഴിൽ ഞങ്ങൾ ഉണ്ടാവും.

ഈ നാട്ടിലെ പാവപ്പെട്ടവരെയും വിദ്യാർഥികളെയും ചേർത്തു പിടിക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരെന്റേയും ലക്ഷ്യമാണ്.

ആരുടെയെങ്കിലും പേരെടുത്തു വിമർശിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എല്ലാവരും തെറ്റ് തിരുത്തണം.

ഈ മഹത്തായ മണ്ണിൽ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് കാലം മറുപടി തരും. പാർട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകൾ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

ഞങ്ങൾക്ക് വലുത് പാർട്ടി തന്നെയാണ്...

ഈ മഹത്തായ മണ്ണിൽ പിടഞ്ഞുവീണു മരിക്കുന്നതുവരെ പാർട്ടിക്കൊപ്പം ഞങ്ങളുണ്ടാവും !

Tags:    
News Summary - Defendant of TP murder case supports CPM campaign against Quotation groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.