കുറ്റ്യാടി (കോഴിക്കോട്): കായക്കൊടി സ്വദേശിയായ 17കാരിയെ മരുതോങ്കര ജാനകിക്കാട് വിനോദ സഞ്ചാരകേന്ദ്രത്തിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. കഴിഞ്ഞ മൂന്നിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം എ.എസ്.പി നിധിൻരാജ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കാമുകൻ സായൂജും പിന്നീട് ബാക്കിയുള്ളവരും പീഡിപ്പിച്ചെന്നാണ് പരാതി. മറ്റു മൂന്നു പേരെയും കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. വനിത പൊലീസിനോട് കുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം വെളിപ്പെട്ടത്.
കുട്ടി പട്ടികജാതിക്കാരിയായതിനാൽ റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ നാദാപുരം എ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോക്സോ, പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കുനേരെയുള്ള പീഡനം, ബലാത്സംഗം എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് എ.എസ്. പി നിധിൻരാജ് പറഞ്ഞു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് മധുരപാനീയത്തിൽ മയക്കുമരുന്നു ചേർത്താണ് കൃത്യത്തിന് വിധേയമാക്കിയതെന്ന് പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും എ.എസ്.പി പറഞ്ഞു. ജാനകിക്കാട്ടിൽ സാമൂഹിക വിരുദ്ധ ശല്യം തടയാൻ പൊലീസ് പട്രോളിങ് ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.