തിരുവനന്തപുരം: ജല അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണം വൈകിപ്പിക്കാൻ നീക്കം. മൂന്നര മാസത്തിലേറെയായി ധനമന്ത്രിയുടെ പരിഗണനയിലായിരുന്ന ഫയൽ കൂടുതൽ വിശദാംശങ്ങൾ തേടി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൈമാറി. ഇനി ജല അതോറിറ്റിയിൽനിന്ന് ധനസ്ഥിതിയടക്കം കൂടുതൽ വിശദാംശങ്ങൾ തേടിയ ശേഷമാവും ഫയൽ പരിഗണിക്കുക. നിലവിലെ സാഹചര്യത്തിൽ അതിനു താമസമുണ്ടാകുമെന്നാണ് സൂചന.
വെള്ളക്കരം കൂട്ടിയതിനെത്തുടർന്ന് വരുമാനത്തിൽ വർധന വന്ന സാഹചര്യത്തിൽ പെൻഷൻ പരിഷ്കരണം വലിയ ബാധ്യതയാവില്ലെന്ന വിലയിരുത്തലിലാണ് ജല അതോറിറ്റി. എന്നാൽ, സാമ്പത്തികനില മോശമായ സാഹചര്യത്തിൽ പെൻഷൻ വർധിപ്പിക്കാൻ ധനവകുപ്പിന് താൽപര്യമില്ല. ഇതിന്റെ ഭാഗമായാണ് പെൻഷൻ പരിഷ്കരണം പരമാവധി വൈകിപ്പിക്കാനുള്ള ശ്രമം. പെൻഷൻകാർ ജല അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ നടത്തുന്ന സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തിലാണ് സർക്കാറിന്റെ മെല്ലെപ്പോക്ക്.
ധനമന്ത്രി കുറിപ്പെഴുതി തിരിച്ചയച്ച ഫയൽ വിശദാംശങ്ങൾ തേടി ധന പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിലെതന്നെ പെൻഷൻ സെക്ഷനിലേക്ക് കൈമാറിയിരിക്കുകയാണ്. ഇതിൽ വ്യക്തത വരുത്തി ഫയൽ വീണ്ടും പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകും. തുടർന്ന് ജലവിഭവ വകുപ്പിൽനിന്നും ജല അതോറിറ്റിയിൽനിന്നും സാമ്പത്തിക സ്ഥിതിയടക്കം വിവരങ്ങൾ ആരാഞ്ഞശേഷമാവും പ്രിൻസിപ്പൽ സെക്രട്ടറി വഴി ഫയൽ വീണ്ടും മന്ത്രിയുടെ പരിഗണനയിലേക്ക് വരുക.
പെൻഷൻ പരിഷ്കരണം ഉടൻ നടത്താതെ തീരുമാനം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതിനാണ് ശ്രമമെന്ന ആക്ഷേപം ശക്തമാണ്. ശമ്പള-പെൻഷൻ പരിഷ്കരണ റിപ്പോർട്ട് 2021 ജൂലൈ ഏഴിനാണ് സർക്കാറിന് സമർപ്പിച്ചത്. 2022 ആഗസ്റ്റിൽ ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ മാത്രം ഉത്തരവിറങ്ങി. വിഷയം ഉന്നയിച്ച് പെൻഷൻകാർ സമര രംഗത്തിറങ്ങുകയും സമ്മർദം ശക്തമാക്കുകയും ചെയ്തിട്ടും സർക്കാർ ഇടപെടാൻ തയാറായില്ല. പതിനായിരത്തോളം പെൻഷൻകാരിൽ സമീപകാലത്ത് വിരമിച്ചവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും പൂർണമായി നൽകാത്ത സ്ഥിതിയുണ്ട്. സ്വീവേജ് രംഗത്തും ജലവിതരണരംഗത്തും ക്ലേശകരമായ സാഹചര്യത്തിൽ ജോലി ചെയ്ത് വിരമിച്ചവരാണ് പെൻഷൻകാരിൽ വലിയൊരു ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.