ന്യൂഡൽഹി: ഡൽഹി പൊലീസ് നടപടി ജനാധിപത്യലംഘനമെന്ന് യു.ഡി.എഫ് എം.പിമാർ ആരോപിച്ചു. കേരളത്തിൽ നടക്കുന്ന നാടകത്തിന്‍റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നാണെന്നും അതാണ് ഡൽഹിയിൽ കണ്ടതെന്നും മുരളീധരൻ പറഞ്ഞു.
പൊലീസിന്‍റെ നടപടി തോന്നിവാസമാണ്. അക്രമങ്ങൾ നടത്താതെ സമാധാനപരമായാണ് യു.ഡി.എഫ് എം.പിമാർ മാർച്ച് നടത്തിയത്. രമ്യ ഹരിദാസ് എം.പിയെ പൊലീസ് പിടിച്ചുവലിച്ചെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡൽഹി പൊലീസിന്‍റേത് പച്ചയായ ഗുണ്ടായിസമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പുരുഷ പൊലീസ് കൈയ്യേറ്റം ചെയ്തത്. സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ലെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
എം.പിമാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമം -ഹൈബി ഈഡൻഎം.പിമാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. കെ. റെയിലിൽ നിന്ന് കോടികൾ കമീഷൻ അടിച്ചു മാറ്റുന്നതിന്‍റെ പ്രതിഫലനമാണ് ഡൽഹിയിൽ കണ്ടതെന്നും ഹൈബി പറഞ്ഞു.
എം.പിമാരെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ശേഷം വിഷയം എടുക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.