കൊച്ചി: കത്തിയെരിയുന്ന വെയിൽ, ഭക്ഷണം നിറച്ച ബാഗുമായി രേഷ്മയുടെ സ്കൂട്ടർ പായുമ്പോൾ നെഞ്ചോട് ചേർന്ന് പൊന്നുമോൾ അപ്സര ഉറങ്ങുന്നുണ്ട്, സുരക്ഷിതയായി.
ഉള്ളുംപുറവും ഒരുപോലെ പൊള്ളുമ്പോഴും തളരാത്ത പോരാട്ടവീര്യം പ്രതിബന്ധങ്ങൾ നീക്കി രേഷ്മക്ക് മുന്നോട്ടുകുതിക്കാനുള്ള ചാലകശക്തിയാകുകയാണ്. കുഞ്ഞിനെ ബേബി കാരിയർ ബാഗിൽ മാറോടണച്ച് സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണത്തിന് സ്കൂട്ടറിൽ കടന്നുപോകുന്നത് കഷ്ടപ്പാടുകൾക്കെതിരെയുള്ള ഒരു പെൺകുട്ടി ഒറ്റക്ക് നടത്തുന്ന പോരാട്ടത്തിെൻറ നേർക്കാഴ്ച.
ഭക്ഷണ ഓർഡറുമായി തെൻറ പാച്ചിലിെൻറ വിഡിയോ ആരോ മൊബൈലിൽ പകർത്തിയതും അത് സമൂഹമാധ്യമങ്ങളിൽ വൈറലായതുമൊന്നും ചേരാനല്ലൂരിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശിനി രേഷ്മ അറിഞ്ഞിരുന്നില്ല. ഒരു കൂട്ടുകാരി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം കാണുന്നതെന്ന് രേഷ്മയുടെ വാക്കുകൾ.
ജീവിതച്ചെലവ് നിറവേറ്റാനാണ് രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും എടുത്ത് ഭക്ഷണ വിതരണത്തിന് പോകേണ്ടിവന്നതെന്ന് രേഷ്മ പറഞ്ഞു.
നാലുവർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് കൊച്ചിയിലെത്തിയത്. വീട്ടുകാർക്ക് താൽപര്യമില്ലാത്ത ബന്ധമായതിനാൽ ആരുടെയും ആശ്രയമില്ല. ഭർത്താവ് രാജു ഗൾഫിൽ ഹോട്ടൽ ജോലിചെയ്ത് കിട്ടുന്ന ചെറിയ തുക എല്ലാ മാസവും അയച്ചുതരും. ഒരു കൈത്താങ്ങാകണമെന്ന ആഗ്രഹത്തോടെയാണ് ജോലി ലക്ഷ്യമാക്കി കലൂരിൽ കോർപറേറ്റ് അക്കൗണ്ടിങ് കോഴ്സിന് ചേർന്നത്.
എന്നാൽ, വീട്ടുവാടകയടക്കം ജീവിതച്ചെലവിൽനിന്ന് മിച്ചംവെക്കുന്ന പണം കൊണ്ട് ഫീസടക്കാൻ തികയില്ലായിരുന്നു.
ഇതോെടയാണ് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. സെയിൽസ് ഗേൾ പോലുള്ള ജോലികളൊക്കെ പഠനസമയവുമായി ചേർന്നുപോകാത്തതിനാലാണ് സ്വിഗ്ഗി െതരഞ്ഞെടുത്തത്. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെയാണ് ക്ലാസ്. തുടർന്ന് രാത്രി ഒമ്പതുവരെ ജോലി.
ആഴ്ചയിൽ ആറുദിവസം കുഞ്ഞിനെ ഡേ കെയറിലാക്കും. രാത്രി ഒമ്പതാകുമ്പോഴും സുന്ദരിയമ്മ എന്ന അമ്മ കുഞ്ഞിനെ സ്വന്തംപോലെ നോക്കും. ഞായറാഴ്ചയും അവരെ ഏൽപിക്കാൻ മനസ്സ് വരാത്തതുകൊണ്ടാണ് ഒപ്പം കൂട്ടുന്നത്.
വാർത്ത പ്രചരിച്ചത് കണ്ടപ്പോൾ ജോലി നഷ്ടപ്പെടുമോ എന്നായിരുന്നു ഭയം. കുഞ്ഞുമായി ഭക്ഷണവിതരണത്തിന് ചെല്ലുമ്പോൾ പലരും സഹതാപത്തോടെ നോക്കാറുണ്ട്.
എന്നാൽ, നമ്മുടെ കുഞ്ഞ് എപ്പോഴും നമ്മുടെയൊപ്പം വേണമെന്നല്ലേ ആഗ്രഹിക്കുകയെന്ന് രേഷ്മ പറയുന്നു. വിഡിയോ വൈറലായതിനുശേഷം നെഗറ്റിവ് കമൻറുകളും വന്നു. ''അവൾ എെൻറ കൂടെയുള്ളപ്പോൾ ഞാൻ ഹാപ്പിയാണ്. അതൊരു വേറെ ഫീലാണ്'' -രേഷ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.