തിരുവനന്തപുരം: ബസ് ചാർജ് വർധന പ്രാബല്യത്തിൽ വരുന്നതോടെ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റുകളുടെ മിനിമം നിരക്ക് 20 ൽനിന്ന് 22 രൂപയായേക്കും. കിലോമീറ്റർ നിരക്ക് 95 പൈസയിൽനിന്ന് 105 പൈസയായി വർധിപ്പിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി സമർപ്പിച്ച നിർദേശം ഗതാഗത വകുപ്പിന്‍റെ പരിഗണനയിലാണ്. കോവിഡ് കാലത്തെ വർധനയും നിലവിലെ ഭേദഗതിയും കൂടി വരുന്നതോടെ നിരക്ക് കുതിച്ചുയരുമെന്നതിനാൽ ഡീലക്സ്, സ്കാനിയ എന്നിവയിൽ നിരക്ക് വർധന വേെണ്ടന്നാണ് ധാരണ. ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം നിരക്ക് 14ൽനിന്ന് രണ്ടു രൂപ വർധിച്ചേക്കും. ഇതടക്കം ഈ ആഴ്ചതന്നെ നിരക്ക് വർധന സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുമെന്നാണ് വിവരം.
എൽ.ഡി.എഫ് യോഗത്തിൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്ന പിറ്റേന്നുതന്നെ കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് സർവിസുകളുടെ നിരക്ക് സംബന്ധിച്ച് ശിപാർശ തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, കോവിഡ് കാലത്തെ നിരക്ക് വർധനക്ക് മുകളിൽ 10 ശതമാനം കൂടി നിരക്കുയരുന്നതോടെ 25 ശതമാനം വർധനയാകും. എന്നാൽ, സർക്കാർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഇത്ര നിരക്കുയരുന്നത് സൂപ്പർക്ലാസ് യാത്രക്കാർ നഷ്ടപ്പെടുന്നതിനും തിരിച്ചടിക്കും ഇടയാക്കുമെന്നുമായിരുന്നു വിലയിരുത്തൽ. തുടർന്ന് ശിപാർശ പുതുക്കി നൽകാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടുകയായിരുന്നു.
സൂപ്പർഫാസ്റ്റുകളുടെ കിലോമീറ്റർ നിരക്ക് 105 പൈസയായി ഉയരുന്നതോടെ യാത്രാ നിരക്കിൽ കാര്യമായ വർധന തന്നെയാണുണ്ടാവുക. 10 കിലോമീറ്ററാണ് മിനിമം നിരക്കിൽ സൂപ്പർഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരപരിധി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 105 പൈസ വീതം കൂടും. ദീർഘദൂരയാത്രക്കാരാണ് കൂടുതൽ സൂപ്പർഫാസ്റ്റുകളെ ആശ്രയിക്കുന്നത്.
ഇതോടൊപ്പം ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം രണ്ടു രൂപ കൂടുന്നതോട സ്ഥിരയാത്രക്കാർ കെ.എസ്.ആർ.ടി.സി തുടങ്ങിയ ബോണ്ട് സർവിസുകളുടെ നിരക്കും വർധിപ്പിച്ചേക്കും. ഫാസ്റ്റ് പാസഞ്ചറുകളാണ് നിലവിൽ ബോണ്ട് സർവിസുകളായി ഓടുന്നത്. സീറ്റ് ഉറപ്പുനൽകുന്നതിനാൽ സാധാരണ നിരക്കിനെക്കാൾ കൂടുതലാണ് ബോണ്ടിലെ നിരക്ക്. ബസുകളിൽ പുതിയ മിനിമം നിരക്കായ 10 രൂപയിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റം വരുത്തില്ല. ഇത് അഞ്ച് കിലോമീറ്റർ ആക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇടതുമുന്നണി യോഗത്തിൽ തീരുമാനങ്ങളിൽ പുനരാലോചന നടത്തിയത് ഓട്ടോകളുടെ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരകാര്യത്തിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.