ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള (ഡി.എം.കെ); പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി. അൻവർ

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച് സി.പി.എമ്മുമായി ഇടഞ്ഞ പി.വി. അൻവർ എം.എൽ.എയുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ). ചെന്നൈയിൽ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കൂടിക്കാഴ്ചക്കുശേഷമാണ് അൻവറിന്റെ പാർട്ടിയുടെ പേര് പുറത്തുവന്നത്. ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടിയുടെ പേരും നയനിലപാടുകളും പ്രഖ്യാപിക്കും.

ശനിയാഴ്ച വൈകുന്നേരമാണ് അൻവർ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ഡി.എം.കെ നേതാക്കളായ സെന്തിൽ ബാലാജി, നീലഗിരി എം.പി അണ്ടിമുത്തുരാജ എന്നിവർ​ക്കൊപ്പമാണ് അദ്ദേഹം സ്റ്റാലിനെ കണ്ടത്. ഡി.എം.കെയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അൻവറുമായി അടുത്ത കേന്ദ്രങ്ങൾ നേരത്തേ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് അൻവർ സുപ്രധാന രാഷ്ട്രീയനീക്കത്തിനായി ചെന്നൈയിലേക്കു തിരിച്ചത്. ഡി.എം.കെയുമായി സഹകരണം ഉറപ്പുവരുത്തിയതോടെ ദേശീയ രാഷ്ട്രീയവുമായി പുതിയ പാർട്ടിയെ ബന്ധിപ്പിക്കുക എന്നതാണ് അൻവർ ലക്ഷ്യമിടുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതര നേതാവാണ് സ്റ്റാലിനെന്ന് അൻവർ കൂടിക്കാഴ്ചക്കുശേഷം പ്രതികരിച്ചു. പൊളിറ്റിക്കൽ ‘നെക്സസി’നെതിരെ പടപൊരുതാനു​ള്ള ഒരു സംവിധാനം മഞ്ചേരിയിൽ പിറവിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള അൻവറിന്റെ ഡി.എം.കെയുടെ സഹകരണം എങ്ങനെയായിരിക്കുമെന്ന് ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൻവറിന്റെ നിയമസഭ മണ്ഡലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതാണ്. അദ്ദേഹത്തിന് തമിഴ്നാടുമായി ബിസിനസ് ബന്ധവും ഉണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം അദ്ദേഹം ഏറ്റെടുക്കുന്ന പ്രധാന വിഷയമാണ്. തമിഴ്നാട് പരിധിയിലെ വനവുമായി കേരളത്തിലെ മലയോര മേഖലയിലെ വന്യമൃഗപ്രശ്നത്തിന് ബന്ധമുണ്ട്. ഇത് പരിഹരിക്കാൻ തമിഴ്നാട് ഭരണകൂടത്തിന്റെ പിന്തുണ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ യു.ഡി.എഫ് അൻവറിന്റെ നീക്കങ്ങളെ ഗൗരവത്തിലെടുത്തിട്ടുണ്ട്. അൻവറിനെ ആദ്യം തള്ളിപ്പറഞ്ഞ മുസ്‍ലിംലീഗ് കരുതലോടെയാണ് ഇപ്പോൾ അൻവറി​നെക്കുറിച്ച് സംസാരിക്കുന്നത്. കോൺഗ്രസും അൻവറിന്റെ കാര്യത്തിൽ പൂർണമായും വാതിലടച്ചിട്ടില്ല. അതേസമയം, നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പമിരിക്കില്ലെന്നും സ്വതന്ത്രനായി നിൽക്കുമെന്നും അൻവർ പറഞ്ഞിരുന്നു. അതിനിടെ സി.പി.എം അൻവറിനെതിരായ പ്രചാരണം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്

Tags:    
News Summary - Democratic Movement of Kerala (DMK); PV Anvar to announce new party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.