കൂളിമാട് പാലത്തിന്‍റെ തകർച്ച: വിശദ റിപ്പോർട്ട് നൽകാൻ നിർദേശം

തിരുവനന്തപുരം: കോഴിക്കോട് മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ചാലിയാറിനു കുറുകെ കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകളാണ് കഴിഞ്ഞദിവസം തകർന്നത്. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്‍റെ ഹാങ്ഓവര്‍ മാറിയിട്ടില്ലെന്ന് പ്രതിപക്ഷ വിമർശനത്തോട് മന്ത്രി പ്രതികരിച്ചു. കാലം മാറി, സര്‍ക്കാറും നിലപാടും മാറി.

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, അതു സ്വീകരിക്കണമോയെന്ന് ജനം തീരുമാനിക്കും. ഇടതുമുന്നണി സര്‍ക്കാറിന്‍റെ സമീപനം ജനങ്ങള്‍ക്കറിയാം. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

തൂണിനും ബീമുകൾക്കും ബലക്ഷയമില്ല -കിഫ്ബി അന്വേഷണ സംഘം

എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്തെ ബീം തകർന്നത് അന്വേഷിക്കാൻ കിഫ്ബിയുടെ സംഘമെത്തി. പിയർ ക്യാപ്, പിയർ, ബീമുകൾ എന്നിവ സംഘം പരിശോധിച്ചു. തൂണിനും പിയർ ക്യാപിനും ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തന തകരാർ മൂലമാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് കിഫ്ബി അസി. എൻജിനീയർ മേലധികാരികൾക്ക് നൽകി. ബീമുകൾക്ക് ബലക്ഷയമോ മറ്റ് തകരാറുകളോ ഇല്ലെന്നും കൃത്യമായ ബല പരിശോധന നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അടുത്ത ദിവസംതന്നെ മന്ത്രിക്ക് കൈമാറും. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളിൽനിന്നും സംഘം കാര്യങ്ങൾ ആരാഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് എൻജിനീയർമാരായ ബൈജു, മുഹ്സിൻ, ഹാരിസ് എന്നിവരടങ്ങുന്ന സംഘം മപ്രത്ത് എത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.

വിജിലൻസ് വിഭാഗത്തിന്റെ വിശദ പരിശോധന ബുധനാഴ്ച

കൂളിമാട്: കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് സംഘം ബുധനാഴ്ച വിശദപരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. സംഭവം നടന്ന തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

പൊതുമരാമത്ത് മന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. അതേസമയം, വീണുകിടക്കുന്ന ബീമുകൾ അന്വേഷണം പൂർത്തിയായ ഉടൻ നീക്കംചെയ്ത് ഈ ഭാഗത്തെ പ്രവൃത്തി പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.ആർ.എഫ്.ബി കോഴിക്കോട് ഡിവിഷൻ അസിസ്റ്റൻറ് എൻജിനീയർ മുഹ്സിൻ അമീൻ 'മാധ്യമ'ത്തോട് പറഞ്ഞു.

നിലവിൽ മറ്റുഭാഗത്ത് പ്രവൃത്തികൾ തടസ്സമില്ലാതെ തുടരുന്നുണ്ട്. ബീമുകൾ തകർന്നുവീണ സാഹചര്യത്തിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിൽ രണ്ടുമാസമെങ്കിലും അധിക സമയം വേണ്ടിവരും.


Tags:    
News Summary - Demolition of Koolimad Bridge: Proposal for detailed report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.