കൂറ്റനാട് (പാലക്കാട്): പണം കൈപ്പറ്റുന്നത് മാത്രമല്ല ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ നിഷേധിക്കുന്നതും വൈകിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിനുശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ തദ്ദേശ സ്ഥാപങ്ങൾ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാൻ ഉതകുന്ന പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളാവണം. വികസനത്തിന് ഉതകുന്ന സമീപനമാണ് വേണ്ടത്. തദ്ദേശ സ്ഥാപന അതിർത്തിയിൽ വികസനപദ്ധതികൾ വരുമ്പോൾ അതിന് പൂർണ പിന്തുണ നൽകണം. ഏകീകൃത മനോഭാവമാണ് ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
64,000 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് ദരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഇടപെടലുകൾ സംബന്ധിച്ച നിർദേശം തദ്ദേശ സ്ഥാപങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സ്വയംതൊഴിൽ ഉൾപ്പെടെ അവസരങ്ങൾ ഉണ്ടാക്കാൻ പ്രത്യേക ശ്രദ്ധ വേണം. സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാറിന്റെ ശ്രമം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ പ്രധാനമാണ്. സംരംഭകന് മനം മടുക്കുന്ന അന്തരീക്ഷം ഉണ്ടാവരുത്. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ അനുവദിക്കുമ്പോൾ തദ്ദേശസ്ഥാപങ്ങൾ ചട്ടവും നിയമവും പാലിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപങ്ങളെ സഹായിക്കാൻ എൻഫോഴ്സ്മെന്റ് ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാഥിതിയായിരുന്നു. എം.എൽ.എമാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്‌സിൻ, കെ. ബാബു, കെ. ശാന്തകുമാരി, എൻ. ഷംസുദ്ദീൻ, കെ.ഡി. പ്രസേനൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ല കലക്ടർ ഡോ. എസ്. ചിത്ര, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.