കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം വടകര മണ്ഡലത്തിൽ പ്രചരിച്ച ‘കാഫിർ’ പരാമർശമുള്ള വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച് യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും അന്വേഷണത്തിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുന്നതായി കേസിൽ പ്രതിചേർക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് നേതാവ് ഹൈകോടതിയിൽ. കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതുസ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം സംബന്ധിച്ചാണ് ഇതുമായി ബന്ധപ്പെട്ട് ഹരജി നൽകിയ യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിന്‍റെ മറുപടി. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഹരജിക്കാരന്‍റെ പേരിൽ വ്യാജമായുണ്ടാക്കിയ പ്രൊഫൈൽ ഐ.ഡിയിൽനിന്നാണ് ഷോർട്ട് സ്ക്രീൻ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപെട്ടപ്പോൾതന്നെ ഏപ്രിൽ 25ന് വൈകീട്ട് റൂറൽ എസ്.പി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇത് ആദ്യം പ്രചരിച്ചത്. ഫോൺ പരിശോധിക്കാൻ സൈബർ സെല്ലിനെ ഏൽപിക്കുകയും ചെയ്തു. പ്രചാരണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ, അഞ്ചുമണിക്കൂറിന് ശേഷം തനിക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്.
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി എന്ന ആരോപണം ഉണ്ടായിട്ടും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കൽ, വ്യാജരേഖ ചമക്കൽ, മറ്റൊരാളുടെ അന്തസ്സിന് ഹാനിയുണ്ടാക്കും വിധം വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണവും വിശദീകരിച്ചിട്ടില്ല. ‘യൂത്ത് ലീഗ് നിടുംബ്രമണ്ണ’ എന്ന വാട്സ്ആപ് ഗ്രൂപ് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവരെ പ്രതിയാക്കിയിട്ടില്ല. ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെയും മറ്റ് ഗ്രൂപ്പുകളുടെയും അഡ്മിൻമാർ ആരാണെന്ന് ആ ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്നുതന്നെ മനസ്സിലാക്കാം. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും അവരെ പ്രതിചേർത്തിട്ടില്ല. ആ ഗ്രൂപ്പുതന്നെ ഡിലീറ്റ് ചെയ്യാനുള്ള സമയവും കുറ്റക്കാർക്ക് നൽകി.
വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കേസ് എടുത്തശേഷവും ജൂൺ 15 വരെ മുൻ എം.എൽ.എ കെ.കെ. ലതികയും മറ്റ് ചിലരും വ്യാജ പോസ്റ്റ് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.