തൃശൂർ: കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപ, വായ്പ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചതിൽ ശക്തമായ അന്വേഷണത്തിന് ഇ.ഡി. ബാങ്കിന്റെ സോഫ്റ്റ്വെയറില് വ്യാപകമാറ്റം വരുത്തിയതും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചതും കള്ളപ്പണ ഇടപാടിനാണെന്ന നിഗമനത്തിലാണ് അന്വേഷണം.
സോഫ്റ്റ് വെയറിൽ കൃത്രിമം വരുത്തിയതിന് പിന്നിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമല്ലെന്നും ഉന്നതരുടെ പിന്തുണയുണ്ടായിരുന്നെന്നുമാണ് വിലയിരുത്തൽ. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച വി-ബാങ്ക് സോഫ്റ്റ് വെയറിലാണ് അട്ടിമറി നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു.
എന്നാൽ, വായ്പത്തട്ടിപ്പിലൊതുങ്ങി ഈ അന്വേഷണം മുന്നോട്ടുപോയില്ല. സോഫ്റ്റ് വെയർ ഒരേസമയം തന്നെ പലരും ഉപയോഗിക്കുന്നതാണ്. ഓരോരുത്തർക്കും പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡുമുണ്ട്. ഉത്തരവാദപ്പെട്ട ഒന്നോ രണ്ടോ പേര് മാത്രം അഡ്മിനായിരുന്ന ബാങ്ക് സോഫ്റ്റ്വെയറിൽ ഒരു ഘട്ടത്തിൽ 21 പേരെ അഡ്മിന്മാരാക്കി വിപുലമാക്കിയതാണ് ഇ.ഡിയുടെ നിഗമനങ്ങളിലേക്ക് വഴി തുറന്നത്. നോട്ട് നിരോധന കാലത്ത് ഉപയോഗിച്ച പാസ് വേഡുകളിൽ ചിലതും സംശയകരമാണ്. വിരമിച്ച ഉദ്യോഗസ്ഥന്റെയും സ്വീപ്പറുടെയും വരെ ഐ.ഡിയും പാസ് വേഡും ഈ സമയത്ത് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുക. അതിനുശേഷം പ്രവര്‍ത്തനരഹിതമാകും. എന്നാൽ, നോട്ട് അസാധുവാക്കിയ 2016 നവംബറിൽ സോഫ്റ്റ് വെയറിലെ ഡേ-ഓപൺ, ഡേ-എൻഡ് സംവിധാനത്തിൽ മാറ്റം വരുത്തി രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന വിധം ക്രമീകരണം വരുത്തിയെന്നാണ് ഇ.ഡി പറയുന്നത്.
ഈ സമയത്തെ തുക നിക്ഷേപിച്ചതും പിൻവലിച്ചതുമായ വിവരങ്ങൾ സോഫ്റ്റ് വെയറിൽനിന്ന് മാഞ്ഞുപോയതായി കണ്ടെത്തിയിരുന്നു. നോട്ട് നിരോധന കാലത്ത് ബാങ്കിലൂടെ 100 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.