ശബരിമലയിൽ പ്രസാദവിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമല: സന്നിധാനത്ത്​ അപ്പം - അരവണ പ്രസാദ വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദ നിർമാണത്തിനുള്ള ശർക്കര എത്തിക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള കമ്പനികളുമായാണ് കരാർ. ദിവസവും മൂന്ന് ലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കാനാണ്​ ധാരണ. ഗതാഗത പ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 22ന് വൈകീട്ട് ആറിന്​ എത്തേണ്ട ശർക്കര ലോഡ് പിറ്റേ ദിവസം ഒമ്പതോടെയാണ്​ എത്തിയത്. മണ്ഡലകാലത്ത്​ പ്രസാദവിതരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ അഞ്ചുലക്ഷം കിലോ ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ ഡിസംബർ 25ന് വൈകീട്ട്​തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസാദ വിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Tags:    
News Summary - Devaswom Board says there is no crisis in Prasadam distribution at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.