കൊച്ചി: രാജ്യത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്താൻ പഞ്ചായത്ത് വികസന സൂചിക (പി.ഡി.ഐ) തയാറാകുന്നു. ഇതിനായി സംസ്ഥാനത്ത് നോഡൽ ഓഫിസറെ നിയമിക്കുകയും വിവിധ തലങ്ങളിൽ സമിതികൾ രൂപവത്കരിക്കുകയും ചെയ്തു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ജോയൻറ് ഡയറക്ടർ എസ്.ജോസ്ന മോളാണ് പി.ഡി.ഐയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംസ്ഥാനതല നോഡൽ ഓഫിസർ. ചീഫ് സെക്രട്ടറി ചെയർമാനും കില ഡയറക്ടർ ജനറൽ കൺവീനറുമായ സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റി, എൽ.എസ്.ജി.ഡി റൂറൽ ഡയറക്ടർ ചെയർമാനായ ഡാറ്റ വാലിഡേഷൻ ടീം, ജില്ല കലക്ടർ ചെയർമാനായ ജില്ലതല നിരീക്ഷണ സമിതി, എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ ചെയർമാനായ വാലിഡേഷൻ ടീം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയർമാനായ സബ്ഡിവിഷൻ തല നിരീക്ഷണസമിതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തന്നെ ചെയർമാനായ ബ്ലോക്ക് തല ഡാറ്റ വാലിഡേഷൻ ടീം എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും മറ്റുമായി നിയോഗിക്കപ്പെടുന്ന സമിതികൾ.
പദ്ധതി പ്രവർത്തനങ്ങളുടെ മുന്നോടിയായി കിലയുടെ നേതൃത്വത്തിൽ ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം(എൽ.എസ്.ഡി.ജി), ഒമ്പത് പ്രത്യേക ലക്ഷ്യങ്ങൾ സാധ്യമാക്കൽ എന്നിവയാണ് പി.ഡി.ഐയിലൂടെ കേന്ദ്ര പഞ്ചായത്തിരാജ് വകുപ്പ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യമുക്ത ഗ്രാമം, ആരോഗ്യമുള്ളത്, ശിശുസൗഹൃദം, ജലലഭ്യതയുള്ളത്, വൃത്തിയും പച്ചപ്പുമുള്ളത്, അടിസ്ഥാനസൗകര്യങ്ങളുള്ളത്, സാമൂഹികസുരക്ഷ, മികച്ച ഭരണനിർവഹണം, വനിതാസൗഹൃദം എന്നിങ്ങനെയാണ് ഒമ്പത് ലക്ഷ്യങ്ങൾ. പ്രാദേശിക തലങ്ങളിലെ മുൻനിര പ്രവർത്തകർ ശേഖരിക്കുന്ന വിവരങ്ങൾ ഗ്രാമപഞ്ചായത്തുകളിലും ഫീൽഡ് ഓഫിസുകളിലും സൂക്ഷിക്കും. ഇത്തരത്തിലുള്ള വിവരങ്ങൾ സൂക്ഷ്മമായി മൂല്യനിർണയവും വിശകലനവും നടത്തിയ ശേഷമായിരിക്കും ഡിജിറ്റലൈസ് ചെയ്യുക. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ വൈകാതെ തുടങ്ങാനാണ് വകുപ്പിന്റെ തീരുമാനം.
റോഡ്, വൈദ്യുതി, വെള്ളം, ശുചീകരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആദ്യം പരിശോധിക്കും. സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ പുരോഗതി, സാക്ഷരത, വരുമാന നിരക്ക്, തൊഴിലവസരങ്ങൾ, കാർഷികോൽപാദനക്ഷമത, സാമ്പത്തികപ്രക്രിയകൾ, ദാരിദ്ര്യ നിരക്ക്, ലിംഗസമത്വം, സാമൂഹികമായ ഉൾച്ചേർക്കൽ, ജീവിത നിലവാരം തുടങ്ങിയവയും പരിശോധിക്കപ്പെടും. ഭരണ നിർവഹണം, പരിസ്ഥിതി സന്തുലിതത്വം എന്നിവയും പി.ഡി.ഐ വിലയിരുത്തലിന്റെ ഭാഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.