ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണത്തിന്റെ കോട്ടയം നിയോജക മണ്ഡലത്തിലെ പ്രഖ്യാപനം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

പൊതുവിദ്യാലയങ്ങളിലെ വികസനം നാടിന്‍റെ നേട്ടം-മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് സംഭവിച്ച സമാനതകളില്ലാത്ത വികസനമാറ്റം നാടിന്‍റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിന്‍റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭാവിതലമുറകള്‍ക്ക് ഏറെ ഗുണകരമാകുന്ന മാറ്റം പൂര്‍ണമായും സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് അവകാശപ്പെടുന്നില്ല. ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം വഹിക്കുകയായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ കാലാനുസൃതമായി മെച്ചപ്പെട്ടിരുന്നില്ല.പൊതുവിദ്യാലയങ്ങലുടെ ശോചനീയാവസ്ഥയും വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതും പ്രശ്നങ്ങളായിരുന്നു.ഈ സ്ഥിതിക്ക് പരിഹാരം കാണാനും പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചത്.

പൊതുവിദ്യാലയങ്ങളില്‍ പുരോഗതിയുണ്ടായാല്‍ തങ്ങളുടെ കുട്ടികള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രയോജനകരമാകുമെന്നു മനസിലാക്കി എല്ലാ വിഭാഗം ആളുകളും സഹകരിച്ചു. 135.5 കോടി രൂപയാണ് നാടിന്‍റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് കുറഞ്ഞ സമയത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.പൊതുവിദ്യാഭ്യാസ മേഖല തകരുന്നു എന്ന സ്ഥിതി പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിച്ചു. പൊതു വിദ്യാലയങ്ങളില്‍ അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ പുതിയതായി എത്തി. ഇത് നാടിന്‍റെ നേട്ടമായി കാണണം.

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക് സംവിധാനത്തിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തി. നമ്മുടെ നാട്ടിലെ സ്കൂളുകള്‍ ലോകത്തിലെ ഏതു വിദ്യാലയത്തോടും കിടപിടിക്കത്തക്ക വിധം വളരുന്നതിന്‍റെ ഗുണം സാധാരണക്കാര്‍ക്കാണ് ലഭിക്കുക.

ലോകത്ത് എല്ലായിടത്തും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍നിന്നും സര്‍ക്കാരുകള്‍ പിന്‍വാങ്ങുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ വിദ്യാഭ്യാസം എങ്ങനെ ജനകീയമാക്കാം എന്ന് കേരളം വ്യക്തമാക്കുന്നത്. ഈ നേട്ടം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം. അതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണ്. പരമ്പരാഗത ബോധന രീതിയില്‍നിന്ന് മാറി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബോധനം നല്‍കാന്‍ തയ്യാറാകണം. ഇത് കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ സ്കൂള്‍ മേലധികാരികള്‍ക്കും പി.ടി.എയ്ക്കും ചുമതലയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ എല്ലാ നിയസഭാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചു.

എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.കെ ആശ, അഡ്വ.മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, പി.സി. ജോര്‍ജ്, ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്തംഗം ജെസിമോള്‍ മനോജ് എന്നിവര്‍ നിയോജക മണ്ഡലങ്ങളില്‍ പ്രഖ്യാപനം നിര്‍വഹിച്ചു.

കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍ സോന, വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു വി. കണ്ണേഴത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍, ചങ്ങനാശേരി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷൈനി ഷാജി, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ് രവി സോമന്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.