കൊച്ചി: വി.ഐ.പികൾ താമസിക്കുന്നിടത്ത് മാത്രമേ വികസനം നടപ്പാക്കുകയുള്ളോയെന്ന് ഹൈകോടതി. പണിതീരാത്ത മുല്ലശ്ശേരി കനാൽ പദ്ധതിയും ചോർന്നൊലിക്കുന്ന പി ആൻഡ് ടി ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളെ നിശിതമായി വിമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്. സർക്കാർ സംവിധാനങ്ങൾ പിന്നാലെ നിന്നിട്ടും ഭരണനിർവഹണ സംവിധാനം സഹകരിക്കാത്ത അവസ്ഥയാണ്. ഈ പദ്ധതികളുടെ കാര്യത്തിൽ ജില്ല കലക്ടർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
മാസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് പറഞ്ഞ മുല്ലശ്ശേരി കനാൽ നവീകരണം വർഷങ്ങളായിട്ടും ഇഴയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് എൻജിനീയർമാർക്ക് പോലും ധാരണയില്ലാത്ത അവസ്ഥ. പൈപ്പിടാനായി മേഖലയിലെ റോഡുകൾകൂടി കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇവിടത്തെ താമസക്കാർ കൂടുതൽ ദുരിതത്തിലായി. കലുങ്കുകൾക്കടിയിലെ മാലിന്യം നീക്കാനോ പുതുക്കിപ്പണിയാനോ റെയിൽവേയും തയാറാകുന്നില്ല. ജനങ്ങളാകട്ടെ പ്ലാസ്റ്റിക് കുപ്പികളടക്കം തോന്നുന്നപോലെ വലിച്ചെറിയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഡിസംബറിൽപോലും കനത്ത മഴയുണ്ടാകുന്ന ഇക്കാലത്ത് മുല്ലശ്ശേരി കനാൽ ഇല്ലെങ്കിൽ കൊച്ചി മുങ്ങുമെന്ന് എല്ലാവരും ഓർമിക്കണമെന്നും കോടതി പറഞ്ഞു.
പി ആൻഡ് ടി കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ പുതുതായി നിർമിച്ച ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിൽ കോടതി ജി.സി.ഡി.എയോട് വിശദീകരണം തേടി.
ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അധികൃതർക്ക് ധാരണയില്ലെന്നും കോടതി വിമർശിച്ചു. മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പ്രകാരം ചോർച്ച പരിഹരിക്കാനുള്ള ടെൻഡർ വിളിച്ചതായും ശനിയാഴ്ച ടെൻഡർ തുറക്കുമെന്നും അഭിഭാഷക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.