‘ഭക്തര്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് ദൈവത്തെ കാണാൻ’; അല്ലാതെ മുഖ്യമന്ത്രിയുടെയും, ബോര്‍ഡ് അംഗങ്ങളുടെയും മുഖം കാണാനല്ലെന്ന് കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ പാടില്ലെന്ന് ഹൈകോടതി. മുഖ്യമന്ത്രിയുടെയോ, എം.എല്‍.എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഹൈകോടതി പറഞ്ഞു. ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എൻ. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എം.എൽ.എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചിരുന്നത്. ഫ്ലക്‌സില്‍ അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണ്. ഇത്തരം ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്.

Tags:    
News Summary - Devotees go to temples to see God

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.