കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിെൻറ നിലപാട് തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്നും പുനഃ പരിശോധന ഹരജിയാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നതെന്നും മന്ത്രി കോട്ടയത്ത് മാധ്യ മങ്ങളോട് പറഞ്ഞു. യുവതി പ്രവേശനം അനുവദിച്ചുള്ള വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെടാൻ മാത്രമാണ് തീരുമാനിച്ചിട്ടുള്ളതെന്നും ബോർഡിെൻറ അഭിഭാഷകൻ കോടതിയിൽ മറ്റു കാര്യങ്ങൾ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും പത്മകുമാർ പറഞ്ഞതിന് മറുപടിയായാണ് കടകംപള്ളി പ്രതികരിച്ചത്.
പ്രസിഡൻറായി പത്മകുമാർ അഭംഗുരം തുടരുമെന്നതിൽ സംശയമില്ല. അദ്ദേഹത്തെ പുറത്താക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ദേവസ്വം ബോർഡ് പ്രസിഡൻറും കമീഷണറും കോടിയേരിയെ കാണുന്നതിൽ തെറ്റില്ല. ബോർഡിൽ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പത്മകുമാറിെൻറ നിലപാടിനോട് ദേവസ്വം മന്ത്രിയും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ സർക്കാറും പ്രസിഡൻറും രണ്ടുതട്ടിലായെന്ന് കൂടുതൽ വ്യക്തമായി.
ഭിന്നത നിലനിൽക്കെയും കാലാവധിയായ നവംബർ വരെ പത്മകുമാർ തുടരാനാണ് സാധ്യത. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുംഭമാസ പൂജക്കായി 12ന് വൈകീട്ട് അഞ്ചിന് നടതുറക്കും. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഈ ദിവസങ്ങളിൽ മലചവിട്ടുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഈ കൂട്ടായ്മയിൽപ്പെട്ട മഞ്ജു മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതേ കൂട്ടായ്മയിലെ രേഷ്മ, സനില എന്നിവർക്ക് യാത്രാമധ്യേ ആൾക്കൂട്ടത്തിെൻറ എതിർപ്പുണ്ടായതിനെ തുടർന്ന് ദർശനം നിഷേധിക്കപ്പെട്ടിരുന്നു. ഇവരുൾപ്പെടുന്ന സംഘമാണ് വീണ്ടും ദർശനം നടത്താൻ തയാറെടുക്കുന്നത്. ഇത്തവണ നടതുറക്കുമ്പോൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ പാടില്ലെന്ന നിലപാടിലാണ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.