തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ മൊഴി രേഖപ്പെടുത്തി. അനിൽ കാന്ത് ഡി.ജി.പി ആയതിന് ശേഷം മോൻസൺ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, ഡി.ജി.പിക്ക് ഉപഹാരം നൽകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
മോൻസൺ സംശയാസ്പദമായ വ്യക്തിയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ളപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയുമായി കൂടിക്കാഴ്ച നടന്നത്. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തിയതത്.
പൊലീസ് മേധാവിയായ ശേഷം നിരവധി പേർ സന്ദർശിച്ചെന്നും പ്രവാസി സംഘടനയുടെ പ്രതിനിധിയായി കണ്ടുവെന്നുമാണ് അനിൽ കാന്ത് വിശദീകരിച്ചത്.
മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ച സംഭവത്തിൽ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. മോൻസണിെൻറ വീട് സന്ദർശിച്ച സംഭവത്തിലും വിശദമായ മൊഴി രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞാണ് മോൻസണിന്റെ കലൂരിലെ പുരാവസ്തു മ്യൂസിയം സന്ദർശിച്ചതെന്ന് ബെഹ്റ മൊഴി നൽകിയതായി അറിയുന്നു.
മോൻസണിനെതിരായ കേസുകളിൽ ഇടപെട്ടതിന് ഐ.ജി ലക്ഷ്മണനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. പന്തളത്ത് മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഐ.ജി ശ്രമിച്ചുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
സന്ദർശനം സംബന്ധിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാമിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് കോടതിയെ അന്വേഷണ പുരോഗതി അറിയിക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.