തിരുവനന്തപുരം: ഡി.ജി.പി സെൻകുമാറിെൻറ നടപടികൾ സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയും തച്ചങ്കരി തനിക്കെതിരായ ആരോപണങ്ങളുൾപ്പെട്ട റിപ്പോർട്ടുകൾ ചോർത്തിയെന്ന് ഡി.ജി.പിയും. പരസ്പരം പഴിചാരിയുള്ള റിപ്പോർട്ടുകളാണ് ഡി.ജി.പി ടി.പി. സെൻകുമാറും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയും സർക്കാറിന് കൈമാറിയിട്ടുള്ളത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി^എ.ഡി.ജി.പി പോര് ശക്തമാവുകയാണ്. ദിവസങ്ങൾക്കുമുമ്പ് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽനിന്ന് തച്ചങ്കരി റിപ്പോർട്ടുകൾ ചോർത്തിയെന്ന് ഡി.ജി.പി ആരോപിച്ചിരുന്നത്.
ഡി.ജി.പിയായി ചുമതലയേറ്റശേഷം ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയത് സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി ചോദിച്ച വിശദീകരണത്തിനുള്ള മറുപടിയിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. കുമാരി ബീനയുടെ സഹായത്തോടെയാണ് ഇൗ റിപ്പോർട്ട് ചോർത്തിയതെന്നും അത് വ്യക്തമായതിനാലാണ് ബീനയെ മാറ്റിയതെന്നും തച്ചങ്കരിയുടെ നടപടികൾ അന്വേഷിക്കാൻ തയാറാണെങ്കിൽ തെളിവുകൾ നൽകാമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡി.ജി.പിയുടെ വിശദീകരണത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഡി.ജി.പിയെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ടാണ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കഴിഞ്ഞദിവസം സർക്കാറിന് സമർപ്പിച്ചത്. പൊലീസ് മേധാവിയുടെ പ്രവർത്തനങ്ങൾ സർക്കാർ സുരക്ഷക്കും സർക്കാർ നയത്തിനും വിരുദ്ധമാണെന്നാണ് തച്ചങ്കരി റിപ്പോർട്ടിൽ ആരോപിക്കുന്നത്. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടി ബ്രാഞ്ചിലെ മാത്രം ഫയലുകൾ അദ്ദേഹത്തിെൻറ ഓഫിസിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണ്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകൾ കൈക്കലാക്കുന്നത് ഉദ്യോഗസ്ഥർക്കും സർക്കാറിനുമെതിരായ വ്യവഹാരങ്ങളിൽ തെളിവായി ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
രഹസ്യസ്വഭാവം കാരണം ഫയലുകൾ നൽകാത്തതിനെതുടർന്ന് ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ടിനെ മാറ്റാൻ ശ്രമിക്കുകയും അവിടെയുള്ള പുറ്റിങ്ങൽ ഫയൽ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാന പൊലീസ് മേധാവിയുടെ കൂടെ എട്ട് പേഴ്സനൽ സെക്യൂരിറ്റി ഓഫിസർമാർ ഉണ്ട്. അതിനുപുറമെയാണ് മൂന്ന് പൊലീസുകാരെക്കൂടി പൊലീസ് മേധാവിയുടെ കൂടെ ‘അറ്റാച്ച് ’ ചെയ്തത്. ഈ നടപടികളെല്ലാം സർക്കാർ പരിശോധിക്കണമെന്നാണ് തച്ചങ്കരി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ആ റിപ്പോർട്ടിെൻറകൂടി അടിസ്ഥാനത്തിലായിരുന്നു പേഴ്സനൽ സ്റ്റാഫ് അംഗത്തെ ഉടൻ മാറ്റാൻ സർക്കാർ കഴിഞ്ഞദിവസം ഡി.ജി.പിക്ക് കർശനനിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.