ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണവുമായി വീണ്ടും ധർമജൻ ബോൾഗാട്ടി. കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നു പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ധർമജൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
ഇതുസംബന്ധിച്ച് തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വൻകിട സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും തെൻറ പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, തന്നെ പരാജയപ്പെടുത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും തെളിവുകൾ നിരത്തി ധർമജൻ പറഞ്ഞു.
സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും തൻെറ പേരിൽ ലക്ഷങ്ങൾ പണപ്പിരിവ് നടത്തിയതിന് തെളിവുണ്ടെന്നും ഇതു സഹിതമാണ് കെ.പി.സി.സിക്ക് പരാതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് സെൻട്രൽ കമ്മിറ്റിയിൽനിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങൾ താനറിയാതെ കൈപ്പറ്റുകയാണ് ചെയ്തത്. ഇതുകാരണം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടിവന്നു.
മണ്ഡലത്തിലൂടെയുള്ള സ്ഥാനാർഥി പര്യടനം ഒന്നാം ഘട്ടത്തോടെ തന്നെ അവസാനിപ്പിക്കേണ്ടിവന്നു. സ്ഥാനാർഥിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പോലും ഇറക്കാനായില്ല. പേമെൻറ് സീറ്റാണെന്നു പറഞ്ഞ് സ്ഥലം എം.പി പോലും മണ്ഡലത്തിൽ സജീവമായില്ല.
യു.ഡി.എഫിന് സ്വാധീനമുള്ള ഉണ്ണികുളം പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും വീടുകൾ പോലും കയറാൻ പ്രവർത്തകർ എത്തിയില്ല. ബൂത്തിലെ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ഫണ്ടടക്കം തട്ടിയെടുത്തതായി ധർമജൻ ആരോപിച്ചു.
മണ്ഡല പര്യടനത്തിെൻറ സമാപനത്തിൽ ശശി തരൂർ എം.പി ബാലുശ്ശേരിയിൽ എത്തുമെന്നു പറഞ്ഞെങ്കിലും ചില നേതാക്കൾ ഇടപെട്ട് അത് തടഞ്ഞു.
ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കുന്നതിനെതിരെ തുടക്കത്തിൽ തന്നെ കോൺഗ്രസിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ജാതിയുടെ പേരിൽ പോലും ചില നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പെരുമാറിയിട്ടുണ്ടെന്നും ധർമജൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.