ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോൻ സണ്ണി.
കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയോടൊപ്പമുണ്ടായിരുന്ന ആറംഗ സംഘത്തിലെ ആളാണ് സോയിമോൻ സണ്ണിയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ചേലച്ചുവട്ടിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇയാൾ.
കേസിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ഒരാളെ പ്രതികളെ സഹായിച്ചതിനാണ് അറസ്ററ് ചെയ്തത്. കേസിൽ അഞ്ചുപ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഒന്നാംപ്രതി നിഖിൽ പൈലി, രണ്ടാംപ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 12 വരെ കസ്റ്റഡിയിൽവിട്ടു. മൂന്ന്, നാല്, അഞ്ച് പ്രതികളായ ജിതിൻ, ടോണി, നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ജനുവരി 10നാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.