ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാനുള്ള രണ്ട് പ്രതികൾ പൊലീസിൽ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ചേലച്ചുവട് തേക്കിലക്കാട്ട് ടോണി (22), കട്ടപ്പന സ്വദേശി നിബിൻ ഉപ്പുമാക്കൽ (22) എന്നിവരാണ് വ്യാഴാഴ്ച കുളമാവ് പൊലീസിൽ കീഴടങ്ങിയത്. ഇവരെ ഇടുക്കിയിലെത്തിച്ച് ചോദ്യം ചെയ്തുവരുന്നു.
കേസിൽ രണ്ട് പ്രതികളെക്കൂടി കിട്ടാനുണ്ട്. ഇവരെ കാറിൽ കോളജിൽ എത്തിച്ച പ്രതിക്കുവേണ്ടി വ്യാഴാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, റിമാൻഡിലുള്ള നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ഇത് വെള്ളിയാഴ്ച പരിഗണിക്കും. അന്വേഷണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക സംഘത്തിന് രൂപം നൽകി.
രണ്ടുപേർ കീഴടങ്ങിയതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം നാലായി. ഒന്നാം പ്രതി നിഖിൽ പൈലിയെ ബുധനാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തെങ്കിലും നിർണായക തെളിവായ കത്തി കണ്ടെത്താനായില്ല. സംഭവശേഷം ഇയാൾ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധിപേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തു. ധീരജിനോടൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥി അഭിജിത്തിനെ വീട്ടുകാരെത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഭിജിത്തിന്റെ നെഞ്ചിലാണ് കുത്തേറ്റത്. അതേസമയം, കോളജിൽ കനത്ത പൊലീസ് കാവലിലാണ് വ്യാഴാഴ്ച പരീക്ഷ നടത്തിയത്. 13 പേർ പരീക്ഷ എഴുതി. ചില വിദ്യാർഥികളെ സുരക്ഷയെക്കരുതി സംസ്ഥാനത്തെ മറ്റ് കോളജുകളിലേക്ക് മാറ്റിയാണ് പരീക്ഷ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.