കായംകുളം: കോവിഡ് പരിശോധനക്കിറങ്ങി പുലിവാല് പിടിച്ച അവസ്ഥയിലായ പ്രവാസി യുവാവ് ലബോറട്ടറിക്കെതിരെ പരാതിയുമായി രംഗത്ത്. സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ഭരണിക്കാവ് തെക്കേമങ്കുഴി ചെമ്പകശേരി പടീറ്റതിൽ വിശാഖ് രാമചന്ദ്രനാണ് (30) രണ്ട് ലാബുകളിലെ വ്യത്യസ്ഥ പരിശോധന ഫലം ലഭിച്ചത്.
കഴിഞ്ഞ 10 ന് സൗദിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ള വിശാഖ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നത്. 11 ന് പുലർച്ചെ വിമാനത്താവളത്തിൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയനായി. രണ്ട് ദിവസത്തിനുള്ളിൽ ഫലം നെഗറ്റീവ് ആണെന്ന അറിയിപ്പ് കിട്ടി. ഏഴ് ദിവസത്തെ നിരീക്ഷണ താമസത്തിന് ശേഷം കറ്റാനം മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുന്ന ഡി.ഡി.ആർ.സി ലാബിൽ പരിശോധനക്ക് വിധേയാനായതോടെയാണ് വിശാഖ് വെട്ടിലാകുന്നത്.
ഇവിടുത്തെ ഫലം പോസിറ്റിവായതോടെ നിർബന്ധ ക്വാറന്‍റീൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പിൽ നിന്നും വിളി വന്നതോടെ വിശാഖും കുടുംബവും പ്രതിസന്ധിയിലായി. വിവാഹ ചടങ്ങിനായി നാട്ടിലെത്തി ഒരുക്കങ്ങൾ തുടങ്ങിയ സമയത്ത് കോവിഡ് രോഗി എന്ന ലേബലിലേക്ക് മാറേണ്ടി വന്നതാണ് കാരണം. എന്നാൽ സൗദിയിലും തിരുവനന്തപുരം വിമാനത്താവളത്തിലും നടത്തിയ ഫലങ്ങളും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും കറ്റാനത്തെ പരിശോധന ഫലത്തിൽ സംശയത്തിന് കാരണമായി.
ഇതോടെ കായംകുളം മെഡിവിഷൻ ലാബിൽ വീണ്ടും പരിശോധനക്ക് വിധേയനായപ്പോഴാണ് ഒരു ദിവസം അനുഭവിച്ച പ്രയാസങ്ങൾക്ക് ആശ്വാസമായത്. ഇവിടുത്തെ പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. ഇതോടെ ഡി.ഡി.ആർ.സിയിലെ പരിശോധനക്ക് എതിരെ വള്ളികുന്നം പൊലീസിൽ വിശാഖ് പരാതി നൽകിയിരിക്കുകയാണ്. പരിശോധനകളുടെ മറവിൽ സ്വകാര്യ ലാബുകൾ നടത്തുന്ന ചൂഷണമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് വിശാഖ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.