കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തിെൻറ സമ്മർദങ്ങൾ അതിജീവിക്കാൻ വഴിതേടുന്നവർക്ക് സർക്കാർ തലത്തിൽ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, ജില്ല ശിശുസംരക്ഷണ യൂനിറ്റ്, ജില്ല മാനസികാരോഗ്യ വിഭാഗം, സ്കൂൾ കൗൺസിലർമാർ, സമഗ്രശിക്ഷ കേരള എന്നിവയുടെ സഹായത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ.
ആശങ്കകളും ഉത്കണ്ഠയും നിറയുന്ന മനസ്സുകളെ സാന്ത്വനിപ്പിക്കാനും ശരിയായ മാർഗനിർദേശങ്ങൾ നൽകാനും ഇത്തരം സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഇവയുടെ സേവനം പ്രയോജനപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധവെച്ചാൽ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കുട്ടികളെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനാകുമെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്.
കോവിഡ് കാലത്ത് സ്കൂൾ പഠനം മുടങ്ങി വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ സ്കൂൾ കേരള പൊലീസ് ആരംഭിച്ച 'ചിരി' ടെലികൗൺസലിങ് പദ്ധതിയുടെ പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്. ചിരിയുടെ 9497900200 എന്ന നമ്പറിലേക്ക് വിവിധ പ്രശ്നങ്ങളുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിളിക്കുന്നുണ്ട്. വീട്ടിലെ അന്തരീക്ഷം സൃഷ്ടിക്കുന്ന മാനസിക സമ്മർദം, കൂട്ടുകാരില്ലാത്ത ജീവിതത്തിെൻറ പ്രയാസങ്ങൾ, ഒാൺലൈൻ പഠനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവയാണ് കുട്ടികൾ പ്രധാനമായും നിരത്തുന്നത്.
കുട്ടികൾ മൊബൈലിന് അടികമളാകുന്നതിനെക്കുറിച്ചും അവർ നേരിടുന്ന മാനസിക പ്രശ്നങ്ങളുമാണ് രക്ഷിതാക്കൾക്ക് പറയാനുള്ളത്. ആവശ്യമുള്ളവർക്ക് വിദഗ്ധോപദേശം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതിനകം 53,965 കുട്ടികളെ ഫോണിൽ വിളിക്കുകയും 6700 പേർക്ക് കൗൺസലിങ് ലഭ്യമാക്കുകയും ചെയ്തു. സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും സന്നദ്ധപ്രവർത്തകരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
കോവിഡ് കാലത്തെ മുതിർന്നവരുടെയും കുട്ടികളുടെയും മാനസിക സമ്മർദം കുറക്കാൻ ജില്ല മാനസികാരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ കൗൺസലിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾ ഊർജിതമാണ്. ഇതിനായി ജില്ലയിൽ 26 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ 90 കൗൺസിലർമാരടങ്ങുന്ന പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്. ഇവർ കണ്ടെത്തുന്ന കുട്ടികളെ ഫോണിൽ ബന്ധപ്പെടും. നിരീക്ഷണത്തിലുള്ളവർക്കും പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്കും മാനസികാരോഗ്യ വിദഗ്ധെൻറ സേവനം ലഭ്യമാക്കും.
ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ ജില്ല ശിശു സംരക്ഷണ യൂനിറ്റിെൻറ നേതൃത്വത്തിൽ ഒട്ടേറെ ബോധവത്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. ഇതിെൻറ ഭാഗമായി എല്ലാ സ്കൂളുകളിൽനിന്ന് അധ്യാപകരുടെയും സ്കൂൾ കൗൺസിലേഴ്സിെൻറയും ഗ്രൂപ്പ് രൂപവത്കരിച്ചു. ഈ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ക്ലാസുകൾ നൽകി അവരെ വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തും. ലോക്ഡൗൺ കാലത്തെ കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങടക്കം കണ്ടെത്തി പ്രശ്നപരിഹാരമാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഇതുകൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പിെൻറ നേതൃത്വത്തിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ല പഞ്ചായത്തുമായി സഹകരിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ നേതൃത്വത്തിൽ മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചുവരുന്നു. വിദ്യാർഥികള്‍ക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനുമായി രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാലയങ്ങളുടെ അടച്ചിടല്‍ മൂലം ഉണ്ടായ ഒറ്റപ്പെടല്‍ വിദ്യാർഥികളില്‍ പലതരം മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരളയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് ബി.ആര്.സി തലത്തില്‍ 'അതിജീവനം' ഫോണ്‍ ഇന്‍ പരിപാടി നടത്തുന്നുണ്ട്.
ഇതിനായി ബി.ആര്.സി തലത്തിലും മാനസിക ആരോഗ്യ വിദഗ്ധരെ കണ്ടെത്തി കുട്ടികള്‍ക്ക് അവരുമായി സംവദിക്കുന്നതിന് അവസരം ഉണ്ടാക്കും.
വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കുന്നതിനുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും അവരെ വിളിക്കേണ്ട സമയവും മുന്‍കൂട്ടി സ്കൂളുകള്‍ക്ക് നല്‍കും.
കുട്ടികൾക്ക് ശാരീരിക മാനസിക സാമൂഹികാരോഗ്യ വിഷയങ്ങളിൽ വിദഗ്ധ പരിചരണവും പിന്തുണയും ഉറപ്പുവരുത്താൻ ഒ.ആർ.സി ജില്ല റിസോഴ്സ് സെൻററും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ-സർക്കാർ ഇതര സോവനങ്ങളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. വിദഗ്ധ പരിചരണത്തിന് ആർക്കും ആശ്രയിക്കാം. വിദഗ്ധരായ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, പരിശീലനം ലഭിച്ച കൗൺസിലർമാർ തുടങ്ങിയവരുടെ സേവനങ്ങളും ഇതുവഴി ലഭിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഇൗ നമ്പറുകളിൽ ബന്ധപ്പെടാം:
ജില്ല ശിശുസംരക്ഷണ ഓഫിസർ: 04862 200108; 1098 അല്ലെങ്കിൽ 1517 (24 മണിക്കൂറും സേവനം); ചിരി- 9497900200.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.